ഗൗരിലങ്കേഷിന്റെ കൊലപാതകം സ്വത്ത് തര്‍ക്കംമൂലമെന്ന് വരുത്താന്‍ റിപ്പബ്ലിക്ക്‌ ടിവിയുടെ ശ്രമം: പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

single-img
6 September 2017

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് കര്‍ണ്ണാടക പൊലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ രാത്രി തന്നെ ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

ഇവരുടെ വീടിന് സമീപത്തുളള വീടുകളിലേയും കെട്ടിടങ്ങളിലേയും ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും എന്തെങ്കിലും തെളിവ് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ. അതേസമയം ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനു പിന്നാലെ, അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കന്‍ ടിവി നടത്തിയ ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനത്തിന് ഇടയാക്കി.

ഹിന്ദുത്വശക്തികളാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലെത്തരുതെന്നും മാവോയിസ്റ്റുകളാണോ അതോ സ്വത്ത് തര്‍ക്കമാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിക്കണമെന്നുമായിരുന്നു റിപ്പബ്ലിക്കന്‍ ടിവിയുടെ ട്വീറ്റ്. ആര്‍എസ്എസ്സുകാരും മറ്റ് വലതുപക്ഷ തീവ്രവാദികളും കൊലപാതകത്തെ ന്യായികരിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഈ നിലപാട് റിപ്പബ്ലിക്കന്‍ ടിവി സ്വീകരിച്ചത്.

ഇന്നലത്തെ അര്‍ണബ് ഗോസ്വാമിയുടെ ചര്‍ച്ചയും ഈ രീതിയിലായിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നത്. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ മാവോയിസ്റ്റ് ബന്ധവും അന്വേഷിക്കാന്‍ കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞുവെന്ന് പറഞ്ഞാണ് തങ്ങളുടെ ‘സംഘ്’ നിലപാട് അരക്കിട്ട് ഉറപ്പിക്കാന്‍ റിപ്പബ്ലിക് ടിവിയും അര്‍ണാബും ശ്രമിച്ചത്. എന്നാല്‍ കള്ളമാണ് ഗോസ്വാമിയും സംഘവും പ്രചരിപ്പിക്കുന്നതെന്നും അങ്ങനൊന്നും ആഭ്യന്തരമന്ത്രി പറഞ്ഞിട്ടില്ലെന്നും ചൂണ്ടികാണിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.

അതേസമയം കൊലപാതകത്തിന് പിന്നില്‍ രണ്ടിലേറെ ആളുകള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സംഘപരിവാറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പരിവാര്‍ ബന്ധമുളള സംഘടനകള്‍ ആണെന്ന നിഗമനത്തിലാണ് പൊലീസ്. കൃത്യം നടത്തിയത് പ്രൊഫഷണല്‍ കില്ലര്‍ ആകാമെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

ഗൗരി ലങ്കേഷിനോട് വ്യക്തിപരമായി ആര്‍ക്കെങ്കിലും വിരോധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തികരിച്ച് 12 മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വക്കും. കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് ബന്ധുക്കള്‍.

അന്വേഷണം മുന്നോട്ട് പോകുകയാണെന്നും, കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പറയാറായിട്ടില്ലെന്നും കര്‍ണാടക നിയമമന്ത്രി ടിബി ജയചന്ദ്ര പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കല്‍ബുര്‍ഗി വധവുമായി ബന്ധിപ്പിക്കാനുളള തെളിവുകള്‍ ഇപ്പോഴില്ല, എന്നാല്‍ സാധ്യതകള്‍ തള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.