എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ രീതിയെന്ന് രാഹുല്‍ ഗാന്ധി

single-img
6 September 2017

ന്യൂഡല്‍ഹി: ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

വിദഗ്ധനായ ഒരു ഹിന്ദുത്വ രാഷ്ട്രീയക്കാരനാണ് മോദിയെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ മര്‍ദ്ദിച്ചും, ആക്രമിച്ചും സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ ഒരു സ്വതന്ത്ര ശബ്ദമാണ് നിലച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്ര സ്വഭാവമുള്ള ശക്തികള്‍ക്കെതിരെ സധൈര്യം പോരാടിവന്ന ഒരു മാധ്യമപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചതായും കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ അറിയിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അപലപിച്ചു.