ഗൌരി ലങ്കേഷിന്റെ കൊലപാതകം അവസാനത്തേതല്ല: ഇനിയും കൊല്ലാനുള്ളവരുടെ ലിസ്റ്റ് നിരത്തി സംഘപരിവാർ അനുകൂലിയുടെ ഫേസ്ബുക്ക് പോസ്റ്റ്

single-img
6 September 2017

മുതിർന്ന മാധ്യമപ്രവർത്തകയും സംഘപരിവാറിന്റെ വിമർശകയുമായിരുന്ന ഗൌരി ലങ്കേഷിന്റെ കൊലപാതകം ആഘോഷമാക്കി സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ പ്രൊഫൈലുകൾ. ഗൌരി ലങ്കേഷിന്റെ കൊലപാതകം അവസാനത്തേതല്ലെന്നും ഇനിയും കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് സംഘപരിവാർ അനുകൂല ഫെയ്സ്ബുക്ക് ഐഡിയുടെ പോസ്റ്റ്.

വിക്രമാദിത്യ റാണ എന്ന സംഘപരിവാർ അനുകൂല അനോണി ഐഡിയാണു  “ദേശവിരുദ്ധരാ‍യ” എല്ലാ ജേർണലിസ്റ്റുകളുടേയും ആക്ടിവിസ്റ്റുകളുടേയും ഗതി ഇതായിരിക്കും എന്നു ഭീഷണി മുഴക്കി പോസ്റ്റിട്ടത്. ഗൌരി ലങ്കേഷിന്റേതു അവസാനത്തെ പേരല്ലെന്നും ഇനിയും ആളുകൾ കൊല്ലപ്പെടേണ്ടതുണ്ടെന്നും ഇയാൾ പറയുന്നു.

“ഇതവസാനത്തേതല്ലെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ദേശവിരുദ്ധരെ കൊന്നൊടുക്കുന്ന ഒരു കൊലപാതകപരമ്പര തന്നെ ഉണ്ടാകേണ്ടതുണ്ട്. ശോഭാ ഡേ, അരുന്ധതി റോയി, സാഗരിക ഘോഷ്, കവിതാ കൃഷ്ണൻ , ഷീലാ റാഷിദ് എന്നിങ്ങനെ ഈ ലിസ്റ്റ് തീരുമ്പോൾ ദേശവിരുദ്ധരും വഞ്ചകരുമായ രാഷ്ട്രീയക്കാരുടെ ലിസ്റ്റ് തുടങ്ങണം. എന്നിട്ട് ഈ ഹിറ്റ് ലിസ്റ്റിലുള്ള എല്ലാവരേയും തീർക്കണം” വിക്രമാദിത്യ റാണ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

‘ഗൌരി ലങ്കേഷ് പത്രിക‘ എന്ന ടാബ്ലോയിഡിന്റെ എഡിറ്റർ ആയിരുന്ന ഗൌരി ലങ്കേഷ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കടുത്ത വിമർശകയായിരുന്നു. കൽബുർഗി അടക്കമുള്ള ഇടതുപക്ഷ ചിന്തകരുടെ കൊലപാതകം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നടന്ന പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ആളായിരുന്നു ഇവർ.

“കമ്മി ഗൌരി ലങ്കേഷ് ക്രൂരമായി കൊല്ലപ്പെട്ടു. നിങ്ങളുടെ കർമ്മങ്ങൾ എല്ലായ്പ്പോഴും തിരികെ വന്നു നിങ്ങളെ വേട്ടയാടും. അവർ പറയുന്നതുപോലെ – ആമേൻ “

സീ ന്യൂസിലെ അസ്സോസിയേറ്റ് പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്ന ജാഗ്രതി ശുക്ലയുടെ ട്വീറ്റ് ആണിത്. കടുത്ത ഹിന്ദുത്വവാദിയായ ജാഗ്രതി ശുക്ല തന്റെ തീവ്രവാദ നിലപാടുകൾ കൊണ്ട് ഓൺലൈൻ ലോകത്ത് കുപ്രസിദ്ധയാണു.

 

“ രക്തരൂഷിത വിപ്ലവത്തിൽ വിശ്വസിച്ചിരുന്നവർ ഇപ്പോൾ ഗൌരി ലങ്കേഷിനു സംഭവിച്ചതോർത്ത് വിലപിക്കുന്നു. തിരിച്ചുകിട്ടാൻ തുടങ്ങിയപ്പോൾ എന്തു തോന്നുന്നു ? “ – മറ്റൊരു ട്വീറ്റിൽ ജാഗ്രതി ശുക്ല കുറിച്ചു.

ഗൌരി ലങ്കേഷ് ഒരു മാവോയിസ്റ്റാണെന്നും മാവോയിസ്റ്റുകൾ തന്നെയാണു അവരെ കൊന്നതെന്നും ആരോപിച്ചുകൊണ്ട് നിരവധി സംഘപരിവാർ അനുകൂല ട്രോൾ ഐഡികൾ രംഗത്തുവന്നിരുന്നു. അതിനിടെ, ഗൌരി ലങ്കേഷ് സിദ്ധരാമയ്യയുടെ അഴിമതിയ്ക്കെതിരേ സ്റ്റോറി ചെയ്തിരുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണം ട്വീറ്റ് ചെയ്തുകൊണ്ട് എ ബി പി ന്യൂസ് ചാനലിലെ ജേർണലിസ്റ്റും ബിജെപി അനുഭാവിയുമായ വികാസ് ഭദൌരിയ, ചർച്ച വഴിതിരിച്ചു വിടാനും ശ്രമം നടത്തി.

സംഘപരിവാർ അനുകൂല വെബ് പോർട്ടലായ പോസ്റ്റ് കാർഡ് ന്യൂസ് ഗൌരി ലങ്കേഷ് കൊല്ലപ്പെട്ട വാർത്ത ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത് ഇങ്ങനെയാണു: “ കർണ്ണാടകത്തിലെ ബുദ്ധിജീവി മോദി ഹെയ്റ്റർ ഗൌരി ലങ്കേഷ് അവരുടെ സ്വന്തം വസതിയിൽ വെച്ച് കൊല്ലപ്പെട്ടു”

മോദി വിമർശക എന്നതിനുപകരം മോദി ഹെയ്റ്റർ എന്ന വാക്കുപയോഗിക്കുന്നതിലൂടെ തങ്ങൾക്ക് മരിച്ചയാ‍ളോടുണ്ടായിരുന്ന ശത്രുത മറയില്ലാതെ വ്യക്തമാക്കുകയാണു ഈ പോർട്ടൽ ചെയ്തതു. ഈ പോസ്റ്റിൽ 56 പേർ ചിരിക്കുന്ന സ്മൈലി റിയാക്ഷൻ ആയി നൽകി എന്നത് കാണുമ്പോഴേ ആ വെറുപ്പിന്റെ ആഴം മനസ്സിലാകുകയുള്ളൂ. ഗൌരി ലങ്കേഷിനെ കൊന്നത് നക്സലൈറ്റുകളാണു എന്നതരത്തിൽ നിരവധി വ്യാജവാർത്തകളും ഈ പോർട്ടൽ ഷെയർ ചെയ്തു.

അതുപോലെ നിരവധി സംഘപരിവാർ അനുകൂല ഐഡികൾ ഇത്തരത്തിൽ ഗൌരി ലങ്കേഷിനെ അധിക്ഷേപിച്ചും അവരുടെ മരണത്തിൽ സന്തോഷിച്ചും ട്വീറ്റും ഫെയ്സ്ബുക്ക് പോസ്റ്റുകളും ഇട്ടിരുന്നു. ഷോണൻ തല്പഡെ എന്നയാൾ ഇങ്ങനെയാണു പോസ്റ്റ് ചെയ്തത് : “ മാർക്സിസ്റ്റ് ശൂർപ്പണഖയെ സ്വർഗ്ഗത്തിലേയ്ക്ക് ഡെസ്പാച്ച് ചെയ്തു “.
മലയാളിയും ബിജെപി ഐടി സെൽ വോളണ്ടിയറുമായ ലക്ഷ്മി കാണാത്ത് ഇങ്ങനെയാണ് പോസ്റ്റിട്ടത്:

“മതം മാറ്റ ലോബിയുടെ കാശുവാങ്ങി ജീവിച്ചിരുന്ന ഏതോ ഇടതു തള്ള ആയിരുന്നു. ആരോ വെടിവെച്ചുകൊന്നു”.

ഈ പോസ്റ്റ് പിന്നീട് അവർ നീക്കം ചെയ്തു.

 

ഗൌരി ലങ്കേഷിന്റെ കൊലപാതക വാർത്ത പുറത്തുവന്ന ആദ്യ മണിക്കൂറുകളിൽ സംഘപരിവാർ അനുകൂല ഐഡികൾ തങ്ങൾ സന്തോഷവും വെറുപ്പും മറച്ചുവെയ്ക്കാൻ കഴിയാതെ പുറത്തുവിടുകയായിരുന്നു. പിന്നീട് ഇതു രാഷ്ട്രീയമായി തിരിച്ചടിക്കും എന്ന് മനസ്സിലായതോടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം നക്സലൈറ്റുകളുടെ തലയിൽക്കെട്ടിവെയ്ക്കാനായി ശ്രമം. ഗൌരി ലങ്കേഷിനു മാവോയിസ്റ്റ് ബന്ധമുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ ഒപ്പമാണു ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങൾ അവർ പ്രചരിപ്പിക്കാൻ തുടങ്ങിയതു.

ഗൌരി ലങ്കേഷിന്റെ കൊലപാതകം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.