‘രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ പേരെ ചോദ്യംചെയ്യും: അന്വേഷണം അന്തിമഘട്ടത്തില്‍: ദിലീപിനെതിരെ കുറ്റപത്രം ഉടന്‍’

single-img
6 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ആലുവ റൂറല്‍ എസ് പി എവി ജോര്‍ജ്. കേസുമായി ബന്ധപ്പെട്ട് ഇനിയും ആളുകളെ ചോദ്യം ചെയ്യാനുണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും പൂര്‍ണമായും തീരുന്ന മുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കുമെന്നും എവി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ഇന്നത്തെ ദിലീപിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് മുന്‍കരുതലുകളെല്ലാം നല്ലരീതിയില്‍ നടന്നുവെന്നും എവി ജോര്‍ജ് വ്യക്തമാക്കി. എവി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റെ സുരക്ഷ സംബന്ധിച്ച് മേല്‍നോട്ടം വഹിച്ചിരുന്നത്. ദിലീപിന്റെ സുരക്ഷയാക്കായി നൂറോളം പൊലീസുകാരെയാണ് വീട്ടിലും പരിസരത്തുമായി നിയോഗിച്ചിരുന്നത്.

അതേസമയം ദിലീപ് പൊലീസ് കാവലില്‍ വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുത്ത് ജയിലിലേയ്ക്ക് മടങ്ങി. ദിലീപിന് അനുവദിച്ചിരുന്ന സമയം അവസാനിക്കുന്നതിനും പത്ത് മിനിറ്റ് മുന്നെയാണ് പൊലീസ് സംഘം ദിലീപുമായി ജയിലിലേക്ക് മടങ്ങിയത്.

ഏറെ വികാരനിര്‍ഭരമായിരുന്നു വീട്ടില്‍ നിന്നുള്ള മടക്കയാത്ര. രാവിലെ എട്ടു മണിയോടെ ജയിലില്‍ നിന്നും വീട്ടിലെത്തിയ ദിലീപ് അച്ഛന് ബലിയിട്ടശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. ഏറെ ഹൃദയഭേദകമായിരുന്നു യാത്രപറയല്‍ ചടങ്ങ്.

വീടിന്റെ പടിയ്ക്കല്‍ വരെ എത്തിയ അമ്മയോടും ഭാര്യ കാവ്യമാധവനോടും മറ്റ് അടുത്ത ബന്ധുക്കളോടും യാത്രപറഞ്ഞപ്പോള്‍ ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞു. അമ്മയേയും സഹോദരിയേയും സഹോദരന്‍ അനൂപിനെയും ചേര്‍ത്ത്പിടിച്ച് യാത്രചോദിച്ചു. കുടുംബത്തിലെ സ്ത്രീകള്‍ എല്ലാവരും ചേര്‍ന്നാണ് ദിലീപിനെ യാത്രയാക്കിയത്. തുടര്‍ന്ന് 9.45 ഓടെ പോലീസ് വാഹനത്തില്‍ ജയിലിലേക്ക് തിരിച്ചു. അനുവദിച്ചതിലും 10 മിനിറ്റ് മുന്‍പേ ജയിലില്‍ തിരികെ പ്രവേശിച്ചു.

കോടതി നിര്‍ദേശിച്ച എല്ലാ ഉപാധികളും പാലിച്ച് വളരെ സൗമ്യനായാണ് ദിലീപ് ശ്രാദ്ധചടങ്ങുകളില്‍ പങ്കെടുത്തത്. ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ മാധ്യമങ്ങള്‍ പ്രതികരണത്തിന് ശ്രമിച്ചുവെങ്കിലും ദിലീപ് മുഖം കൊടുത്തില്ല. മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന് ദിലീപും കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല.

പോലീസിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് ദിലീപ് ജയിലില്‍ മടങ്ങിയെത്തിയത്. ദിലീപും നാട്ടുകാരും സഹകരിച്ചതോടെ പോലീസിനും വലിയ ആശ്വാസമായി. ദിലീപിന് അഭിവാദ്യമര്‍പ്പിക്കാന്‍ ആരാധകരുടെ വന്‍ സംഘമെത്തുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടല്‍.

ഇതനുസരിച്ച് നിരവധി വാഹനങ്ങളില്‍ പൊലീസിന്റെ വന്‍ സംഘമാണ് ദിലീപിനെ അനുഗമിച്ചത്. എന്നാല്‍ ആലുവ സബ് ജയിലിന് പരിസരത്ത് ദിലീപിന്റെ ഏതാനും ആരാധകര്‍ മാത്രമാണ് എത്തിയത്. പിന്നീട് ഒരിടത്ത് പോലും ദിലീപിനെ സ്വീകരിക്കാന്‍ ആരാധകരുടെ വന്‍ സംഘമോ മറ്റ് സുഹൃത്തുക്കളോ എത്തിയിരുന്നില്ല.

സാധാരണ ദീലീപിനെ കോടതിയില്‍ കൊണ്ടുപോകാനായി പുറത്തിറക്കുമ്പോള്‍ ജയിലിന് മുന്നില്‍ കാഴ്ചക്കാരുണ്ടാവാറുണ്ടായിരുന്നെങ്കിലും ഇന്ന് അത്ര പോലും ആളുണ്ടായിരുന്നില്ല. ഏതാനും പേര്‍ ബാനറുകളുമായി സമാധാനപരമായി പരിസരത്ത് നിന്നിരുന്നു. ഇവരാകട്ടെ ഒരു ഘട്ടത്തിലും പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചതുമില്ല.

കോടതി അനുവദിച്ച ഇളവുകള്‍ നിബന്ധനകള്‍ക്ക് വിധേയമായിമാത്രം പ്രയോജനപ്പെടുത്തുക വഴി, കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്ന വ്യക്തിയാണ് താനെന്നും അതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കണമെന്നും മൂന്നാം തവണയും ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമ്പോള്‍ ദിലീപ് ആവശ്യപ്പെടും.