ദിലീപിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സംവിധായകന്‍ വിനയന്‍

single-img
5 September 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സംവിധായകന്‍ വിനയന്‍. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ വേദന ഇതിനിടയില്‍ മുങ്ങിപ്പോകരുതെന്നും ദിലീപിനെ സന്ദര്‍ശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിനയന്‍ പറഞ്ഞു. സ്വന്തം മകനായാല്‍ പോലും ഇത്തരം സാഹചര്യത്തില്‍ എത്തിയാല്‍ കോടതിയുടെ തീരുമാനത്തിന് അനുസരിച്ചേ കാണൂ എന്നും വിനയന്‍ കൊച്ചിയില്‍ പറഞ്ഞു.

അതേസമയം ദിലീപിനെ പിന്തുണച്ച് നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ്‌കുമാര്‍ രംഗത്ത് എത്തി. കോടതിവിധി വരുന്നതുവരെ ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോള്‍ തള്ളിപ്പറയുന്നത്. സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം.

നടിയെ ആക്രമിച്ച കേസിലെ പൊലീസ് അന്വേഷണം ശരിയായ വഴിക്കല്ലെന്നു പറയുന്നില്ല. പക്ഷേ പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണം. എംഎല്‍എ എന്ന നിലയിലല്ല ദിലീപിനെ കാണാനാത്തിയത്, ഒരു സുഹൃത്ത് എന്ന നിലയിലാണ് എത്തിയതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ഗണേഷ് കുമാറിനെ കൂടാതെ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരും ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ടു. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ വിവിധ ലൊക്കേഷനുകളില്‍ വച്ച് ദിലീപും സുനിയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.