ബിജെപിയുടെ കടുത്ത വിമര്‍ശകയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു

single-img
5 September 2017

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു. ബംഗളുരുവിലെ വസതിയില്‍ വെച്ചാണ് അക്രമികള്‍ ഗൗരിയെ വെടിവെച്ചുകൊന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാറില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കവെയാണ് ഗൗരി ലങ്കേഷിന് വെടിയേറ്റതെന്ന് പൊലിസ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. തലയിലും നെഞ്ചിലുമായി ഏഴ് തവണ വെടിയേറ്റതായി പോലീസ് പറഞ്ഞു. വീടിന്റെ വരാന്തയിലായിരുന്നു ഗൗരിയുടെ മൃതദേഹമുണ്ടായിരുന്നത്. തൊട്ടടുത്തുനിന്നാണ് അക്രമി വെടിയുതിര്‍ത്തതെന്ന് പോലീസ് കമ്മീഷണര്‍ എം.എന്‍. അനുചേത് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. ലങ്കേഷിന്റെ മകളാണ് ഗൗരി. ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്നു ഗൗരി ലങ്കേഷ്.

തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമർശകയായിരുന്ന ഗൗരി ലങ്കേഷ്, ഒരു അപകീർത്തിക്കേസിൽ അടുത്തിടെ ശിക്ഷിക്കപ്പെട്ടിരുന്നു. കർണാടകയിൽനിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നൽകിയ പരാതിയിലായിരുന്നു ഇത്. 2008 ജനുവരി 23ന് ‘ഗൗരി ലങ്കേഷ് പത്രിക’യിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് ബിജെപി നേതാക്കൾ ഇവർക്കെതിരെ കേസ് ഫയൽ ചെയ്തത്.