ദോക്‌ലാം സംഘര്‍ഷം പോലുളളവ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ-ചൈന ധാരണ

single-img
5 September 2017

ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ബ്രിക്‌സ് ഉച്ചകോടി മികച്ചരീതിയില്‍ നടത്തിയ ചൈനയെ നരേന്ദ്ര മോദി അഭിനന്ദിച്ചു. മുഖാമുഖം വെല്ലുവിളിച്ച ദോക് ലാ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.

കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. ദോക്‌ലാം സംഘര്‍ഷം പോലുളളവ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായെന്ന് വിദേശകാര്യ വക്താവ് എസ്.ജയശങ്കര്‍ പറഞ്ഞു. പരസ്പരം വിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള സന്നദ്ധത ഇരുരാജ്യങ്ങളും അറിയിച്ചു.

ക്രിയാത്മക ചര്‍ച്ചയാണ് നടന്നത്. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളെടുക്കും. സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് എടുക്കുമെന്ന് ഉറപ്പു നല്‍കിയതായും ജയ്ശങ്കര്‍ വ്യക്തമാക്കി.

ഇന്ത്യ ചൈന സഹവര്‍ത്തിത്വം തുടരാനാകുമെന്ന് ഷീ ജിന്‍പിങ് പ്രതീക്ഷ പ്രകടിപ്പിച്ചു. പഞ്ചശീല തത്വങ്ങള്‍ പിന്തുടരണം. മികച്ച അയല്‍ക്കാരായ ഇന്ത്യയും ചൈനയും, വികസിച്ചുകൊണ്ടിരിക്കുന്ന രണ്ടു രാജ്യങ്ങളാണ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശരിയായ ട്രാക്കിലെത്തിക്കണം.

ആരോഗ്യകരവും ഉറപ്പുള്ളതുമായ ബന്ധമാണ് ഇരു രാജ്യങ്ങള്‍ക്കും ആവശ്യമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ഭീകരത, സൈബര്‍ സുരക്ഷ, ദുരന്തനിവാരണം എന്നീ കാര്യങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ യോജിച്ചുളള പ്രവര്‍ത്തനം ആവശ്യമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വികസനമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ഇതിനായി അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളുമായി കൈകോര്‍ക്കുമെന്നും മോദി ഉച്ചകോടിയില്‍ വ്യക്തമാക്കി.