സ്വര്‍ണവില കുതിക്കുന്നു: വരുംദിവസങ്ങളില്‍ വില ഇനിയും കൂടും: വെള്ളിവിലയും കൂടി

single-img
5 September 2017

മുംബൈ: രാജ്യത്ത് സ്വര്‍ണവില കൂടുന്നു. 10 ഗ്രാമിന് ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 30,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനയാണ് രാജ്യത്തെ സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇറക്കുമതി ചുങ്കത്തിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തില്‍ പവന് 22,320 രൂപയാണ് സ്വര്‍ണവില. ഗ്രാമിന് 2790 രൂപയും. സെപ്റ്റംബര്‍ രണ്ടിനാണ് 22,200 രൂപയില്‍നിന്ന് 120 രൂപകൂടി 22320 രൂപയായത്. വരുംദിവസങ്ങളിലും വിലയില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത. ഈ വര്‍ഷം തുടക്കത്തില്‍ 28,000 രൂപയായിരുന്നു വില.

വെള്ളിവിലയിലും വര്‍ധനവുണ്ട്. കിലോഗ്രാമിന് 200 രൂപ വര്‍ധിച്ച് 41,700 രൂപയായി. വ്യവസായ ആവശ്യത്തിനും കോയിന്‍ നിര്‍മാണത്തിനും ഡിമാന്‍ഡ് കൂടിയതാണ് വെള്ളിവിലയെ സ്വാധീനിച്ചത്.