നെടുമ്പാശേരിയില്‍ വിമാനം തെന്നിമാറാന്‍ കാരണം മഴയെന്ന് എയര്‍ഇന്ത്യയുടെ വിശദീകരണം

single-img
5 September 2017

കനത്ത മഴ പൈലറ്റിന്റെ കാഴ്ച മറച്ചതാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം തെന്നിമാറിയ അപകടത്തിന് കാരണമായതെന്ന് എയര്‍ഇന്ത്യ അധികൃതര്‍. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണം തുടങ്ങിയെന്നും എയര്‍ഇന്ത്യ വക്താവ് പറഞ്ഞു.

യാത്രക്കാരുടെ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുമെന്നും എയര്‍ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്തിന്റെ ടയറുകള്‍ ചെളിയില്‍ പുതഞ്ഞു പോയതിനാല്‍ അപകട സ്ഥലത്തു നിന്നും വിമാനം ഇനിയും മാറ്റാന്‍ ആയിട്ടില്ല. ലഗേജുകള്‍ സൂക്ഷിച്ചിട്ടുള്ള ഭാഗത്തെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനാലാണ് ചില യാത്രക്കാരുടെ ലഗേജുകള്‍ ഇനിയും പുറത്തെടുക്കാന്‍ സാധിക്കാത്തത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.24 ന് അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അബുദാബിയില്‍നിന്നും കൊച്ചിയിലേക്കുവന്ന വിമാനം റണ്‍വേയില്‍ ഇറങ്ങിയ ശേഷം ഓടയിലേക്ക് തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്നും യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം ലാന്റ് ചെയ്ത ശേഷം മുന്നോട്ട് നീങ്ങവേ വലിയ ശബ്ദം കേട്ടതായി യാത്രക്കാര്‍ പറഞ്ഞു.