സമൃദ്ധിയുടെ നിറവില്‍ ഇന്ന് തിരുവോണം

single-img
4 September 2017

ഇന്ന് തിരുവോണം. മനസിലും മുറ്റത്തും പൂക്കളം തീർത്ത് തിരുവോണനാളിനെ വരവേൽക്കുകയാണ് മലയാളികൾ.മലയാളി എവിടെ ഉണ്ടോ അവിടെയെല്ലാം ഓണവുമുണ്ട്. തൂശനിലയിൽ തുമ്പപ്പൂച്ചോറും പരിപ്പും നെയ്യും സാമ്പാറും അവിയലും ഓലനുമൊക്കെയായി ഓണസദ്യയ്ക്കുള്ള ഒരുക്കത്തിലാണ് വീടുകൾ.

കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തത്പരനായിരുന്ന മഹാബലി എന്ന അസുര ചക്രവർത്തി ആണ്ടിലൊരിക്കൽ പ്രജകളെ കാണാൻ എത്തുന്ന ദിവസമാണ് തിരുവോണം. കള്ളവും ചതിയുമില്ലാത്ത ഒരു കാലത്തിന്റെ ഓർമ്മ പുതുക്കി മാവേലിമന്നൻ എത്തുകയായി.

ആഘോഷത്തിന്റെ കെട്ടുകാഴ്ചയ്ക്കും ഐതിഹ്യത്തിനും എല്ലാം അപ്പുറം ഓണം മലയാളിക്ക് ഒരു ഓർമ്മപ്പെടുത്തലാണ്. സത്യത്തിന്റെ, ധർമ്മത്തിന്റെ, നന്മയുടെ, സന്തോഷത്തിന്റെ സുഗന്ധവും തെളിമയുമുള്ള പഴയകാലത്തിന്റെ ഓർമ്മകൾ. അത് അങ്ങനെ തുടരട്ടെ എല്ലാവർക്കും ‘ഇ വാർത്തയുടെ തിരുവോണാശംസകൾ…