പ്രായമായവരെ അവഗണിച്ച് ഇന്ത്യന്‍ റെയില്‍വേ: ‘സൗജന്യനിരക്കിലുള്ള യാത്ര ഉപേക്ഷിക്കണം’

single-img
3 September 2017

മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ നല്‍കുന്ന ഇളവ് നിര്‍ത്തലാക്കിയേക്കും. ഇതിന്റെ ആദ്യ പടിയായി സൗജന്യനിരക്ക് സ്വമേധയാ ഉപേക്ഷിക്കാന്‍ മുതിര്‍ന്ന യാത്രക്കാരോട് റെയില്‍വേ അഭ്യര്‍ഥിച്ചു. 60 വയസ്സിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും 58 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കുമാണ് റെയില്‍വേ ഇളവ് നല്‍കുന്നത്.

പുരുഷന്‍മാര്‍ക്ക് 40 ശതമാനവും സ്ത്രീകള്‍ക്ക് 50 ശതമാനവുമാണ് ടിക്കറ്റ് നിരക്കില്‍ ഇളവുള്ളത്. സൗജന്യ നിരക്ക് മുഴുവനായോ പകുതിയായോ നിര്‍ത്തലാക്കാനാണ് നീക്കം. ഇതിനായി റിസര്‍വേഷന്‍ ഫോറത്തില്‍ കോളംവരും. ഇത്തരം റിസര്‍വേഷന്‍ ഫോറത്തിന്റെ മാതൃക എല്ലാ സോണുകളിലും എത്തി.

ഇളവിന്റെ പകുതി അല്ലെങ്കില്‍ മുഴുവനും ഉപേക്ഷിക്കാനാണ് ഫോറത്തില്‍ രണ്ടുകോളം നല്‍കിയിരിക്കുന്നത്. സോഫ്‌റ്റ്വേറില്‍ ഈ മാറ്റം ക്രമീകരിക്കാന്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ക്രിസ്), ഐ.ആര്‍.സി.ടി.സി. എന്നിവയ്ക്ക് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി.

ഉത്തരവ് ജൂലായ് 15 മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇത് നടപ്പായില്ല. പുതിയ ഫോറം അച്ചടിക്കാനുള്ള സമയമെടുക്കുന്നതിനാലാണിതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. പ്രവര്‍ത്തനനഷ്ടം വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സൗജന്യനിരക്കുകളും സബ്‌സിഡികളും പരമാവധി നിര്‍ത്തലാക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ തുടക്കമാണിത്.