മൂന്നാം ഊഴത്തില്‍ ദിലീപിന് പുറത്തിറങ്ങാനാവുമോ? ഓണം കഴിഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

single-img
3 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. അച്ഛന്റെ ശ്രാദ്ധത്തിന് ഇളവ് അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുന്നത്.

ഏഴാം തീയതിയോ, അല്ലെങ്കില്‍ 11ാം തീയതിയോ ഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം. അങ്ങനെയെങ്കില്‍ അവധിക്കാല ബെഞ്ച് ആയിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മൂന്നാം തവണ ഹൈക്കോടതിയില്‍ ജാമ്യം തേടി എത്തുന്ന ആള്‍ക്ക് ഒരു പ്രത്യേക പരിഗണന നല്‍കി ജാമ്യം അനുവദിക്കും എന്നാണ് ദിലീപുമായുള്ള അടുത്ത വൃത്തങ്ങളുടെ പ്രതീക്ഷ.

നേരത്തെ ഹൈക്കോടതി രണ്ട് തവണയും സെഷന്‍സ് കോടതി ഒരു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നാണ് ഹൈക്കോടതി രണ്ട് തവണയും വിലയിരുത്തിയത്. കുറ്റകൃത്യത്തില്‍ ദിലീപിന്റെ പങ്ക് പ്രഥമദൃഷ്ട്യ ബോധ്യമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി വിലയിരുത്തിയിരുന്നു.

ഇരുന്നൂറിലധികം തെളിവുകളാണ് ദിലീപിനെതിരെ പോസിക്യൂഷന്‍ ഹാജരാക്കിയത്. കാവ്യയുടെ മുന്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് മൊഴിയും നല്‍കിയിരുന്നു. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി പിടിയിലായപ്പോള്‍ പോലീസുകാരന്റെ ഫോണില്‍ നിന്ന് ദിലീപുമായി ബന്ധപ്പെട്ടിരുന്നെന്നും, പിടിയിലാകുന്നതിനു മുമ്പ്് ലക്ഷ്യയില്‍ എത്തി കാവ്യയെ കണ്ടിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഇന്നലെ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടിയിരുന്നു. അതേസമയം 50 ദിവസത്തിലധികമായി ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഇന്നലെ ആലുവ സബ് ജയിലില്‍ എത്തിയിരുന്നു.