യോഗിയുടെ കാവിവത്ക്കരണം തുടരുന്നു;യുപിയില്‍ ഇനി വൈദ്യുതി പോസ്റ്റുകള്‍ക്കും കാവി നിറം

single-img
2 September 2017

യുപിയില്‍ വൈദ്യുതി പോസ്റ്റുകള്‍ക്ക് കാവി നിറം കൊടുക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം.പെട്ടെന്ന് തിരിച്ചറിയാനെന്ന ഉദ്ദേശ്യത്തോടെയാണ് പെയിന്റടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.എല്ലാവര്‍ക്കും വൈദ്യുതി എന്ന പ്രത്യേക പദ്ധതിയിലാണ് കാവി പെയിന്റടിക്കാനുള്ള പരിപാടിയും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി അലോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.അനധികൃത കോളനിയിലെ വൈദ്യുതി പോസ്റ്റുകളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് കാവി കളര്‍ പെയിന്റ് അടിക്കുന്നതെന്ന് ദക്ഷിണാഞ്ചല്‍ വൈദ്യുതി വിതരണ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സുദീര്‍ കുമാര്‍ വര്‍മയും മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ യുപിയിലെ ബസുകള്‍ക്ക് കാവി നിറം കൊടുക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.യോഗി സര്‍ക്കാര്‍ കാവിനിറത്തില്‍ പുറത്തിറക്കുന്ന ബസുകള്‍ക്ക് അന്ത്യോദയ എന്നാണു പേരിട്ടത്. യോഗി ആദിത്യനാഥിന് ഇഷ്ടപ്പെട്ട നിറമായ കാവി നിറത്തില്‍ അമ്പതോളം പുതിയ ബസുകളാണ് ഇറക്കുന്നത്. കഴിഞ്ഞ എസ്പി സര്‍ക്കാരിന്റെ പാതയില്‍ ടിക്കറ്റുനിരക്കുകളില്‍ ഇളവ് അനുവദിക്കാനും നീക്കമുണ്ട്.

രാഷ്ട്രീയക്കാരെപ്പോലെ അടിക്കടി നിറം മാറുന്ന ബസുകളും സര്‍ക്കാര്‍ ഓഫീസുകളുമാണ് യുപിയിലേത്. ബിഎസ്പിയുടെ ഭരണകാലത്ത് നീലയും വെള്ളയും, സമാജ്വാദി പാര്‍ട്ടിയുടെ കാലത്ത് ചുവപ്പും പച്ചയും പെയിന്റുകളാണ് അടിച്ചത്. സര്‍വജന്‍ ഹിതായ് സര്‍വജന്‍ സുഖായ് ബസ് സര്‍വീസ് ബിഎസ്പി കൊണ്ടുവന്നതാണ്. നീലയും വെള്ളയുമായിരുന്നു പശ്ചാത്തലം. എസ്പി അധികാരത്തിലേറിയപ്പോള്‍ ലോഹ്യ ഗ്രാമീണ്‍ ബസ് സേവ ആരംഭിച്ചു. ചുവപ്പും പച്ചയും കലര്‍ന്ന ഈ ബസില്‍ ടിക്കറ്റ് നിരക്കില്‍ 20 ശതമാനം കുറവായിരുന്നു.

അതേസമയം ബസുകളുടെ നിറം കാവിയാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമാജ്വാദി പാര്‍ട്ടി രംഗത്തെത്തി. ബിജെപിയുടെ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുകയാണ് യോഗി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എസ് പി എംഎല്‍സി സുനില്‍ സിംഗ് ആരോപിച്ചു.