സിഐയെ ഭീഷണിപ്പെടുത്തിയ ഹൈക്കോടതി ജഡ്ജിനെതിരെ നടപടിയുമായി സുപ്രീം കോടതി;അന്വേഷണത്തിനു മൂന്നംഗ കമ്മിറ്റി

single-img
2 September 2017

കൊച്ചി: സിഐയെ ചേംബറില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയ ഹൈക്കോടതി ജഡ്ജി പിഡി രാജനെതിരെ സുപ്രീം കോടതി നടപടി.ചീഫ് ജസ്റ്റിസാണ് മാവേലിക്കര സിഐ പി ശ്രീകുമാറിന്റെ പരാതിയില്‍ അന്വേഷണത്തിന് നടപടി തുടങ്ങിയത്. സിറ്റിങ് ജഡ്ജിക്കെതിരായ സിഐയുടെ പരാതിയില്‍ ചീഫ് ജസ്റ്റിസ് നടപടി ആരംഭിച്ചു കഴിഞ്ഞു.പരാതി മൂന്നംഗ കമ്മിറ്റിയാകും പരിശോധിക്കുക.

ജഡ്ജി ചേംബറില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി എന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണേന്നും പരാതിയില്‍ നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്നും നിയമരംഗത്തെ വിദഗ്ധര്‍ പറഞ്ഞിരുന്നു.

സഹോദരനുള്‍പ്പെട്ട കേസ് അട്ടിമറിക്കാന്‍ ഹൈക്കോടതി ജഡ്ജി പിഡി രാജന്‍ മാവേലിക്കര സിഐയെ ചേംബറില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയതായാണ് പരാതി. മാവേലിക്കര ഗവ.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ജഡ്ജിയുടെ സഹോദരനടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സഹോദരനെ ഈ കേസില്‍ നിന്നൊഴിവാക്കാന്‍ പി.ഡി.രാജന്‍ ഫോണിലൂടേയും പിന്നീട് ഹൈക്കോടതി ചേംബറില്‍ വിളിച്ചു വരുത്തിയും ഭീഷണിപ്പെടുത്തിയെന്നാണ് സിഐയുടെ ആരോപണം.