ഒടുവില്‍ പിഴവ് തിരുത്തി സര്‍ക്കാര്‍;റിമാ രാജന്റെ വിദേശപഠനത്തിന് 10 ലക്ഷം അനുവദിച്ചു.

single-img
2 September 2017

തിരുവനന്തപുരം: അര്‍ഹമായ സ്കോളര്‍ഷിപ് അനുവദിക്കുന്നതില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് പുറത്താക്കലിന്റെ നിഴലിലായ ദളിത് പെണ്‍കുട്ടിക്ക് 10 ലക്ഷം രൂപ അനുവദിച്ചു.നടപടിക്ക് എസ്‌സി, എസ്‌ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയെന്നു മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഫീസടയ്ക്കാത്തിനാല്‍ പുറത്താക്കുമെന്നു കാണിച്ചു പോർച്ചുഗലിലെ കോയിമ്പ്ര സർവകലാശാല റിമ രാജന് നോട്ടിസ് നല്‍കിയിരുന്നു. പണം അടയ്ക്കാനാകും എന്നൊരുറപ്പ് സർക്കാരിൽനിന്നു കത്തായി ലഭിച്ചാൽ റിമയ്ക്കു പഠനം തുടരാനാവും.

സ്കോളര്‍ഷിപ് കിട്ടിയില്ലെങ്കില്‍ സര്‍വകലാശാലയില്‍നിന്നു പുറത്താക്കുമെന്ന് കാണിച്ചുള്ള സര്‍വകലാശാലയുടെ നോട്ടീസുമായി റിമയുടെ അച്ഛന്‍ രാജന്‍ മന്ത്രി എ.കെ.ബാലനടക്കമുള്ളവരെ കണ്ടിരുന്നു. എന്നാല്‍, ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ പരിശോധിക്കാമെന്ന ഒഴുക്കന്‍ മട്ടിലുള്ള മറപുടിയാണ് രാജന് ലഭിച്ചത്, പലരും അനാവശ്യ കോഴ്സുകള്‍ക്കു വിദേശത്തു പോവുകയും തോന്നിയപോലെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുകയുമാണെന്നുമായിരുന്നു പട്ടികജാതിവകുപ്പിലെ ഉദ്യോഗസ്ഥരുടെ നിലപാട്. തൃശൂര്‍ കേരള വര്‍മ്മ കോളജില്‍നിന്ന് 86 ശതമാനം മാര്‍ക്കോടെ വിജയിച്ചാണു റിമ ഇവിടേക്ക് പഠിക്കാനെത്തിയത്.

ഇന്ത്യയില്‍ ഇല്ലാത്ത കോഴ്സിനു പട്ടികജാതി വിദ്യാര്‍ത്ഥികള്‍ വിദേശത്തു പ്രവേശനം നേടിയാല്‍ മുഴുവന്‍ തുകയും സ്കോളര്‍ഷിപ് നല്‍കുമെന്ന ചട്ടം നിലവിലുണ്ട്.ഇന്ത്യയില്‍ ഇല്ലാത്ത കോഴ്സാണെന്നു ബോദ്ധ്യപ്പെടുത്തിയിട്ടും സ്കോളര്‍ഷിപ് നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.