അനിതയുടെ ആത്മഹത്യയില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം കത്തുന്നു;ബിജെപി ഓഫീസുകള്‍ക്ക് ശക്തമായ സുരക്ഷ

single-img
2 September 2017

ചെന്നൈ∙ തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.ജന്മദേശമായ അരിയല്ലൂര്‍ ഉള്‍പെടെ തമിഴ്‌നാടിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. അരിയല്ലൂര്‍, പെരമ്പൂര്‍ ജില്ലകളില്‍ ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.അനിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു. അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രഖ്യാപിച്ചിച്ചു.

അനിതയുടെ മരണത്തിന് ഉത്തരവാദികള്‍ ബിജെപിയാണെന്നാണു പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. പ്രതിഷേധക്കാര്‍ ആക്രമിക്കുന്ന ഭീതിയില്‍ തമിഴ്‌നാട്ടിലെ ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കി.സാമൂഹിക നീതി നടപ്പാക്കുന്നതി​െൻറ ഭാഗമായി നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന് തമിഴ്നാട് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.തമിഴ്നാട് നിയമസഭ ഇതുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഏറ്റവും ഒടുവിൽ നീറ്റിൽനിന്ന് നടപ്പുവർഷം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ കൊണ്ടുവന്ന പ്രത്യേക ഒാർഡിനൻസും കേന്ദ്രം പരിഗണിച്ചിരുന്നില്ല.

പ്ലസ്ടുവിന് 1200ല്‍ 1176 മാര്‍ക്ക് നേടിയ അനിത നീറ്റ് പരീക്ഷയ്ക്കെതിരെ നിയമപോരാട്ടം നടത്തിയിരുന്നു. പ്ലസ് ടു മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം വേണമെന്നായിരുന്നു ആവശ്യം. ഈ മാർക്കിൽനിന്നു സർക്കാർ ഉണ്ടാക്കിയ 200 എന്ന കട്ടോഫ് മാർക്കിൽ 196.5 മാർക്കും അനിത നേടിയിരുന്നു.സംസ്ഥാന സിലബസിൽ പഠിച്ച് ഉയർന്ന അക്കാഡമിക് നിലവാരം പുലർത്തിയ വിദ്യാർഥിനിയായിരുന്നു അനിത. എന്നാൽ സിബിഎസ്ഇ നിലവാരത്തിലുള്ള നീറ്റ് പരീക്ഷയെഴുതിയപ്പോൾ വളരെ താണ റാങ്കാണ് അനിതയ്ക്കു നേടാനായത്. നീറ്റ് പരീക്ഷ സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികൾക്കു ബുദ്ധിമുട്ടായിരുന്നു. ഇതിനെതിരെയാണ് അനിത സുപ്രീം കോടതിയെ സമീപിച്ചത്.