ത്യാഗ സ്മരണ പുതുക്കി ബലിപെരുന്നാൾ ആഘോഷം

single-img
1 September 2017


തിരുവനന്തപുരം: ത്യാഗസ്മരണപുതുക്കി വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ (ഈദുൽ അസ്‌ഹ) ആഘോഷിക്കുന്നു.സംസ്ഥാനത്തെ പള്ളികളിലും രാവിലെ ഈദ് നമസ്കാരം നടന്നു. മലബാറിലെയും മധ്യകേരളത്തിലെയും പ്രധാന കേന്ദ്രങ്ങളിൽ കാലാവസ്ഥ എതിരാകുമെന്ന ആശങ്കയെ തുടർന്ന് സംയുക്ത ഈദ് ഗാഹുകള്‍ ഒഴിവാക്കി.ഹജ് കർമത്തിനു പോയവരും ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നതോടെ നാടിനൊപ്പം ഗൾഫ് രാജ്യങ്ങളും ആഘോഷത്തിലാണ്.കൂടാതെ വെള്ളിയാഴ്ച ദിവസം ബലിപെരുന്നാളായതിന്റെ സന്തോഷംകൂടിയുണ്ട്.

വന്‍തിരക്കാണ് രാവിലെ തന്നെ കേരളത്തിലെ വിവിധ പള്ളികളില്‍ അനുഭവപ്പെട്ടത്. നിരവധി സ്ഥലങ്ങളില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചു.

ദൈവ കൽപ്പന ശിരസാവഹിച്ച് ഇബ്രാഹിം നബി സ്വന്തം മകനായ ഇസ്മായിലിനെ ബലി നൽകാൻ തയ്യാറായതിന്റെ ത്യാഗസ്മരണയാണ് ബലി പെരുനാൾ. പളളികളില്‍ നടക്കുന്ന ഈദ് ഗാഹുകള്‍ക്ക് ശേഷം ബന്ധു വീടുകളിൽ ഒത്തു കൂടിയാണ് എല്ലാവരു ബലി പെരുനാൾ ആഘോഷിക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളികൾക്കു ഗവർണർ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ആഹ്ലാദപൂർണമായ ബക്രീദ് ആശംസിച്ചു. ത്യാഗത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ഈദുൽ അസ്ഹയും ഹജ് കർമവും നൽകുന്നത്. ജനങ്ങളിൽ കൂടുതൽ ഐക്യവും സൗഹാർദവും അർപ്പണ മനോഭാവവും ഉണ്ടാകാൻ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു.