തമിഴ്‌നാട്ടില്‍ ബ്ലൂവെയില്‍ കളിച്ച് കോളേജ് വിദ്യാര്‍ഥി ആത്മഹത്യചെയ്തു

single-img
31 August 2017

മധുര: ബ്ലൂവെയില്‍ കെണിയില്‍ കുടുങ്ങി തമിഴ്‌നാട്ടില്‍ കോളേജ് വിദ്യാര്‍ഥി ആത്മഹത്യചെയ്തു. മധുര തിരുമംഗലത്തുള്ള വിഘ്‌നേഷ് എന്ന 19 കാരനാണ് ആത്മഹത്യ ചെയ്തത്. മന്നാര്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് വിഘ്‌നേഷ്. ബുധനാഴ്ച വൈകിട്ട് 4.15 നാണ് വിഘ്‌നേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഘ്‌നേഷിന്റെ ഇടം കൈയില്‍ ബ്ലെയ്ഡുപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രം വരച്ച് ബ്ലൂ വെയില്‍ എന്നെഴുതിയിട്ടുണ്ട്.

വിഘ്‌നേഷിന്റെ മുറിയില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ താന്‍ ബ്ലൂവെയില്‍ കെണിയില്‍ പെട്ടുവെന്ന് വ്യക്തമാക്കുന്നു. ബ്ലൂവെയില്‍ വെറുമൊരു കളിയല്ല അപകടകാരിയാണെന്നും ഒരിക്കല്‍ നിങ്ങള്‍ ഇതില്‍ പ്രവേശിച്ചാല്‍ പിന്നീട് തിരിച്ചുവരാന്‍ സാധിക്കില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

സുഹൃത്തുക്കളും വിഘ്‌നേഷ് ബ്ലൂവെയില്‍ കളിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫോണില്‍ ഇതിനായി പ്രത്യേകം ആപ്പുകളാന്നുമില്ലെന്നും എന്നാല്‍ വിഘ്‌നേഷിന് പലപ്പോഴും ഫോണില്‍ നിര്‍ദ്ദേശങ്ങള്‍ സന്ദേശങ്ങളായോ കോളുകളായോ വരാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.