സ്ത്രീപീഡന കേസുകളിലെ പ്രതികളായ ജനപ്രതിനിധികള്‍ കൂടുതലും ബിജെപിക്കാര്‍

single-img
31 August 2017

സ്ത്രീപീഡന കേസുകളിലെ പ്രതികളായ ജനപ്രതിനിധികളുടെ എണ്ണത്തില്‍ മുന്നില്‍ ബിജെപിയെന്ന് പഠനം. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളായിട്ടുള്ള 51 ജനപ്രതിനിധികളാണ് ആകെയുള്ളതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന എന്‍ജിഒ നടത്തിയ പഠനം വ്യക്തമാക്കുന്നു.

51 ജനപ്രതിനിധികളില്‍ 48 പേര്‍ എംഎല്‍എമ്മാരും മൂന്ന് പേര്‍ എംപിമാരുമാണ്. ഇവരില്‍ 14 പേര്‍ ബിജെപിയില്‍ നിന്നും ഏഴു പേര്‍ ശിവസേനയില്‍ നിന്നുമുള്ളവരാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ പ്രതിയായ ആറ് ജനപ്രതിനിധികള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാണ്.

സ്ത്രീത്വത്തെ അപമാനിക്കുക, തട്ടിക്കൊണ്ടുപോവുക, വിവാഹത്തിന് നിര്‍ബന്ധിക്കുക, ബലാത്സംഗം ചെയ്യുക, ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളവരാണ് ഇവര്‍. തെരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ നിന്നുമാണ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ജനപ്രതിനിധികളുടെ എണ്ണം കണ്ടെത്തിയിരിക്കുന്നത്.

എംഎല്‍എമാര്‍ സമര്‍പ്പിച്ചിട്ടുള്ള 4,120 സത്യവാങ്മൂലങ്ങളില്‍ 4,078 എണ്ണവും, എംപിമാരുടെ 776 സത്യവാങ്മൂലത്തില്‍ 774 എണ്ണവും പരിശോധിച്ച പ്രകാരമുള്ള കണക്കാണ് ഇത്. ആകെ ജനപ്രതിനിധികളില്‍ 33 ശതമാനം ക്രിമിനല്‍ കേസ് പ്രതികളാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ പ്രതിയായിട്ടുള്ള 334 പേര്‍ക്ക് വിവിധ സഭകളിലേക്ക് മത്സരിക്കാനുള്ള അവസരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കി. ഇതില്‍ 40 പേര്‍ പാര്‍ലമെന്റിലേക്കാണ് മത്സരിച്ചത്. 294 ക്രിമിനല്‍ കേസ് പ്രതികള്‍ക്കാണ് നിയമസഭകളിലേക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് പ്രതിച്ചേര്‍ക്കപ്പെട്ടിട്ടുള്ള 122 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരിച്ചിരുന്നു. ഇത്തരത്തിലുള്ള 19 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്കും 103 പേര്‍ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലുമാണ് മത്സരിച്ചത്. ഇവരുടെ എണ്ണത്തിലും ബിജെപി ഏറെ മുന്നിലാണ്. 48 പേര്‍ക്കാണ് ബിജെപി ടിക്കറ്റ് നല്‍കിയത്. ബിഎസ്പി 36 പേര്‍ക്ക് സീറ്റ് നല്‍കിയപ്പോള്‍, 27 പേര്‍ക്ക് കോണ്‍ഗ്രസ് അവസരമൊരുക്കി.

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ പ്രതിച്ചേര്‍ക്കപ്പെട്ടിട്ടുള്ള 65 ജനപ്രതിനിധികളുമായി സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ നില്‍ക്കുന്നത്. 62 പേരുമായി ബീഹാറും, 52 പേരുമായി പശ്ചിമ ബംഗാളും തൊട്ടുപിന്നിലുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുള്‍പ്പെയുള്ള കണക്കുകളാണിത്.