ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനായ 17 കാരി അറസ്റ്റില്‍

single-img
31 August 2017

മോസ്‌കോ: ആഗോളതലത്തില്‍ തന്നെ ഭീഷണിയുയര്‍ത്തിയ ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനായ 17 കാരി അറസ്റ്റില്‍. 50 ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗെയിം കളിക്കുന്നവരുടെ ജീവനെടുക്കുമെന്ന ഭീഷണി ഉയര്‍ത്തിയ ഇവരെ കിഴക്കന്‍ റഷ്യയില്‍ നിന്നാണ് പിടികൂടിയത്. ബ്ലൂവെയ്ല്‍ ചാലഞ്ചിന്റെ അഡ്മിന്‍ സ്ഥാനത്ത് ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി പിടിയിലാകുന്നത്.

ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഗെയ്മിന്റെ നിര്‍മ്മാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മിക്ക ഫോട്ടോകളും ശരീരത്തില്‍ ബ്ലേഡു കൊണ്ട് മുറിച്ചതിന്റെയാണ്. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

50 ഘട്ടങ്ങളായുള്ള ‘വെല്ലുവിളികള്‍’ പൂര്‍ത്തിയാക്കി ഒടുവിലായി ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതാണ് ഈ കളി. ഇതിനിടയില്‍ ചതി മനസ്സിലാക്കി നേരത്തെ പിന്‍മാറിയാല്‍ ഉറ്റവരെ കൊല്ലുമെന്നുമാണ് പെണ്‍കുട്ടി ഭീഷണി ഉയര്‍ത്തിയിരുന്നത്. ഒരു ഡസണിലേറെ പേര്‍ക്ക് വധഭീഷണി അയച്ചുവെന്ന് പരാതിയും ഇവര്‍ക്കെതിരെയുണ്ട്.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യവും പോലീസ് സ്ഥിരീകരിച്ചു. നേരത്തെ ഈ ഗെയിം കളിച്ചിരുന്ന ആളായിരുന്നു പെണ്‍കുട്ടിയെന്നും പോലീസ് പറയുന്നു. എന്നാല്‍ എങ്ങിനെയാണ് അഡ്മിന്‍ സ്ഥാനത്തേക്ക് എത്തിയതെന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

സ്വയം ദേഹോപദ്രവമേല്‍പ്പിക്കാനുള്ള കടുത്ത ടാസ്‌കുകളാണ് പെണ്‍കുട്ടി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നത്. ഗെയിം കളിക്കുന്നവരെ മാനസികമായി തകര്‍ക്കാനുള്ള നീക്കങ്ങളും ഇവര്‍ നടത്തി. ബ്ലൂവെയ്ല്‍ ആത്മഹത്യകള്‍ റഷ്യയില്‍ തുടര്‍ന്നതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. അതിനിടയിലാണ് ഗെയിമിനെ തുടര്‍ന്നു നയിച്ചുകൊണ്ടിരുന്ന ‘പെണ്‍ബുദ്ധി’ വലയിലാകുന്നതും.