ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം; 48 മണിക്കൂറില്‍ മരണമടഞ്ഞത് 42 കുട്ടികള്‍

single-img
30 August 2017

ഗോരഖ്പുര്‍: യോഗിയുടെ ഗോരഖ്പൂരില്‍ ശിശുമരണം തുടരുന്നു. രണ്ടുദിവസത്തിനുളളില്‍ 42 പിഞ്ചുകുട്ടികളാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞത്. മൂന്നുദിവസം കൊണ്ട് മരണമടഞ്ഞ കുട്ടികളുടെ എണ്ണം അറുപതില്‍ അധികമാണന്നാണ് റിപ്പോര്‍ട്ടുകള്‍.

മസ്തിഷ്‌ക ജ്വരം, നവജാത ശിശുക്കളുടെ ആരോഗ്യപ്രശ്‌നങ്ങള്‍, ന്യൂമോണിയ, സെപ്‌സിസ് തുടങ്ങിയ വിവിധ രോഗങ്ങളാലാണ് കുട്ടികളുടെ മരണം. നവജാതശിശു സംരക്ഷണ യൂണിറ്റില്‍ 25 പേരും ജനറല്‍ പീഡിയാട്രിക് വാര്‍ഡില്‍ 25 പേരും എന്‍സെഫലിറ്റിസ് വാര്‍ഡില്‍ 11 പേരുമാണ് മരിച്ചത്. കനത്ത മഴ പെയ്യുന്നതിനാല്‍ വരും ദിവസങ്ങളില്‍ മരണസംഖ്യ കൂടുമെന്ന് പ്രാദേശിക ഡോക്ടര്‍മാര്‍ അറിയിച്ചു. ആഗസ്ത് ഒന്നു മുതല്‍ 28 വരെ 290 കുട്ടികളാണ് ആശുപത്രിയില്‍ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.പി തിരഞ്ഞെടുപ്പിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ തിരക്കിലായതിനാല്‍ മസ്തിഷ്‌കജ്വരം നിയന്ത്രിക്കാന്‍ നടപടികള്‍ ഉണ്ടായില്ലെന്ന് ഡോക്ടര്‍ ആര്‍.എന്‍ സിങ് വ്യക്തമാക്കി. മണ്‍സൂണ്‍ കനത്തതോടെ കുട്ടികള്‍ക്കിടയില്‍ വളരെയധികം രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊതുക് നിയന്ത്രണം, വാക്‌സിനേഷന്‍, ക്ലോറിനേഷന്‍ എന്നിവ യഥാസമയം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതേ ആശുപത്രിയില്‍ ഈ മാസം തുടക്കത്തില്‍ 70 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും എണ്ണം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ രോഗികളുടെ ബാഹുല്യം കാരണം ഒരു കിടക്കയില്‍ വൈറസ് ബാധിതരായ മൂന്നും നാലും കുട്ടികളെ കിടത്തിയാണ് ഇപ്പോഴും ചികിത്സിക്കുന്നത്. മസ്തിഷ്‌കജ്വരം ചികിത്സിക്കുന്നതില്‍ പ്രശസ്തമായ ഈ മെഡിക്കല്‍ കോളേജിനെ കിഴക്കന്‍ യു.പിയിലെ 36 ജില്ലകളും നേപ്പാളില്‍ നിന്നുള്ള രോഗികളും ആശ്രയിക്കുന്നുണ്ട്.

ഓഗസ്റ്റ് 10ന് ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതോടെയാണ് ദുരന്തം സംഭവിച്ചത്. കേസില്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ അന്നത്തെ പ്രിന്‍സിപ്പല്‍ ഡോ.രാജീവ് മിശ്ര, ഭാര്യ ഡോ.പൂര്‍ണിമ ശുക്ല എന്നിവര്‍ അറസ്റ്റിലായിരുന്നു. യു.പി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദുരന്തത്തെ തുടര്‍ന്ന് രാജീവ് മിശ്രയെ പ്രിന്‍സിപ്പില്‍ സ്ഥാനത്തുനിന്നു നീക്കിയിരുന്നു.