‘ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ വഴിവിട്ട ബന്ധം’: ‘വളര്‍ത്തുമകളാണെന്നു പറയുന്നത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍’

single-img
29 August 2017

ന്യൂഡല്‍ഹി: ദേരാ സച്ചാ സൗധ അനുയായികള്‍ക്ക് പരിചിതമായ നാമമാണ് ഹണിപ്രീതെങ്കിലും രാജ്യം ഒന്നടങ്കം ഇവരെ ഉറ്റു നോക്കുന്നത് ജയിലിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ഗുര്‍മീതിനെ അനുഗമിച്ചതോടെയാണ്. ദേരാ സച്ചാ സൗദായെ ഇനി ആരു നയിക്കും എന്നുള്ളതിന്റെ ഉത്തരമായി ഉയര്‍ന്നു വരുന്നതും ഗുര്‍മീത് രാം റഹിമിന്റെ വളര്‍ത്തുമകളായ ഹണിപ്രീതിന്റെ പേരു തന്നെ. ഇതിനിടെ ഇവരുടെ ബന്ധത്തക്കുറിച്ചു നിരവധി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഹണിയുടെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത.

1999 ല്‍ ആണ് ഗുര്‍മീത് ഭക്തനായ വിശ്വാസ് ഗുപ്ത എന്ന ബിസിനസ്സുകാരനെ പ്രിയങ്ക തനേജ എന്ന ഹണി പ്രീത് വിവാഹം കഴിക്കുന്നത്. തുടര്‍ന്നാണ് പ്രിയങ്കയും ഗുര്‍മീതിന്റെ ഭക്തയാകുന്നത്. എന്നാല്‍ ഈ ബന്ധം വളരെ പെട്ടെന്നുതന്നെ, ഗുരു ശിഷ്യ തലത്തില്‍ നിന്നും പ്രണയത്തിലേക്ക് വളരുകയായിരുന്നെന്ന് വിശ്വാസ് ഗുപ്ത പറയുന്നു. ഭാര്യ ഭര്‍ത്താക്കന്മാരെ പോലെയാണ് ഇരുവരും ഇടപെട്ടിരുന്നതെന്നും ഇരുവരും തമ്മില്‍ അരുതാത്ത നിലയില്‍ പല തവണ താന്‍ കണ്ടുവെന്നും വിശ്വാസ് ഗുപ്ത പറഞ്ഞു.

ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നും, ഗുര്‍മീത് ഹണിപ്രീതിനെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണിച്ച് 2011 ല്‍ വിശ്വാസ് ഗുപ്ത കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കോടതിയ്ക്ക് പുറത്ത് പ്രശ്‌നം തീര്‍ത്ത് വിശ്വാസ് ഗുപ്ത ഹണിപ്രീതില്‍ നിന്നും വിവാഹമോചനം നേടുകയായിരുന്നു. ഇതിനു ശേഷമാണ് ഹണിപ്രീത് ഇന്‍സാനെ ഗുര്‍മീത് റാം റഹിം തന്റെ വളര്‍ത്തുമകളായി പ്രഖ്യാപിക്കുന്നത്. ഇതോടെ ഹണിപ്രീത് ദേരാ സച്ചാ സൗദയിലെ പ്രധാനികളിലൊരാളായി മാറിയെന്നും വിശ്വാസ് ഗുപ്ത ആരോപിക്കുന്നു.

റാം റഹിമിനെ നായകനാക്കി ‘എംഎസ്ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട്’ എന്ന സിനിമ സംവിധാനം ചെയ്ത ഹണിപ്രീത് ബാബയെ നായകനാക്കി ചെയ്ത ‘എംഎസ്ജി ഹിന്ദ് കാ നപക് കോ ജവാബ്’ എന്ന സിനിമയില്‍ 21 റോളുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. സംവിധാനവും, അഭിനയവും, എഡിറ്റിഗും മാത്രമല്ല സിനിമയുടെ സകലമേഖലകളിലും ഹണിപ്രീത് കൈവെച്ചിരുന്നു. എന്നാല്‍ സിനിമയെപ്പറ്റി ഹണിപ്രീത് യാതൊരു പഠനങ്ങളും നടത്തിയിട്ടില്ലെന്ന് വിശ്വാസ് ഗുപ്ത ആരാപിക്കുന്നു.

ഹണിപ്രീതിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ ഗുര്‍മീത്, അവരെ ലൈംഗീകമായി ചൂഷണം ചെയ്യുകയായിരുന്നു. ഗുര്‍മീതിന്റെ ഭീഷണിയെത്തുടര്‍ന്ന് താന്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയാണെന്നും വിശ്വാസ് ഗുപ്ത പറഞ്ഞു.