ദിലീപിനെ കണ്ടിട്ട് 51 ദിവസം: ജാമ്യം നിഷേധിച്ചതോടെ പൊട്ടിക്കരഞ്ഞ് കാവ്യാ മാധവന്‍

single-img
29 August 2017

കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയതോടെ ശോക മൂകമായി ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്. ദിലീപിന് അനുകൂലമായ വിധി പ്രതീക്ഷിച്ച കുടുംബത്തിന് കോടതി വിധി വന്‍ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിന് ജാമ്യം ലഭിക്കുമെന്നും അദ്ദേഹത്തോടൊപ്പം ഓണമുണ്ണാമെന്നും കരുതിയ ബന്ധുക്കള്‍ തീവ്ര ദു:ഖത്തിലാണിപ്പോള്‍. ഇനിയെന്ത് എന്നാലോചിച്ച് അമ്മ സരോജവും ഭാര്യ കാവ്യ മാധവനും സഹോദരന്‍ അനൂപും കടുത്ത പ്രതിസന്ധിയിലൂടെയാണിപ്പോള്‍ കടന്നു പോവുന്നത് എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിധിയറിഞ്ഞ ശേഷം കാവ്യയും മകള്‍ മീനാക്ഷിയും പൊട്ടിക്കരഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അമ്പത് ദിവസത്തില്‍ ഏറെയായി ഇരുവരും ദിലീപിനെ ഒരു നോക്കു കണ്ടിട്ട്. ഓരോ ജാമ്യാപേക്ഷ വരുമ്പോഴും കാവ്യ ഏറെ പ്രതീക്ഷയിലായിരുന്നു. താരത്തിന് വേണ്ടി പ്രശസ്തനായ അഡ്വ. രാംകുമാര്‍ ആണ് കേസ് വാദിക്കുന്നതെന്നതും പ്രതീക്ഷ ഇരട്ടിയാക്കി.

ആദ്യം രാംകുമാര്‍ എല്ലാ ഉറപ്പും കൊടുത്തു. എന്നാല്‍ അതിശക്തമായി തന്നെ പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തു. രണ്ടാമത്തെ തവണ ഹൈക്കോടതിയും രാംകുമാറിന്റെ വാദങ്ങള്‍ തള്ളിയപ്പോള്‍ കാവ്യ തീര്‍ത്തും നിരാശയായി.

എന്നാല്‍ രണ്ട് റിമാന്‍ഡ് കാലം കഴിയുമ്പോള്‍ ദിലീപിന് ജാമ്യം കിട്ടുമെന്നായിരുന്നു എല്ലാവരും കാവ്യയെ പറഞ്ഞു വിശ്വസിപ്പിച്ചത്. അതിന് അപ്പുറത്തേക്ക് പോകില്ലെന്നും സിനിമയിലെ ഉന്നതര്‍ ഇടപെടല്‍ നടത്തുമെന്നും അറിയിച്ചു. മൂന്നാം തവണയും ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ എന്ത് വിലകൊടുത്തും രാമന്‍പിള്ള ദിലീപിനെ രക്ഷിക്കുമെന്ന് തന്നെ കാവ്യ കരുതി.

വാദമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ലഭിച്ച പിന്തുണയുമെല്ലാം പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി. എന്നാല്‍ കുടുംബാംഗങ്ങളുടെയും ആരാധകരുടെയുമെല്ലാം പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് താരത്തിന് ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിക്കുകയാണുണ്ടായത്.

ഇനി സുപ്രീംകോടതിയാണ് ഇവരുടെ ഏക പ്രതീക്ഷ. എന്നാല്‍ പീഡനക്കേസില്‍ സുപ്രീംകോടതിയുടെ നിലപാട് കടുത്തതാണെന്നത് വീണ്ടും നിരാശയിലേക്ക് നയിക്കുന്നു. പ്രത്യേകിച്ച് സെലിബ്രിറ്റികള്‍ക്ക് പൊതുവെ സുപ്രീംകോടതി ജാമ്യം അനുവദിക്കാറില്ല. അതുകൊണ്ട് കൂടിയാണ് ഇന്ന് ജാമ്യം നിഷേധിച്ചെന്നറിഞ്ഞപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞത്.

ഫോണിലൂടെ ഭാര്യയേയും മകളേയും ദിലീപ് വിളിക്കാറുണ്ട്. ഇത് മാത്രമാണ് കുടുംബവുമായി ദിലീപിനെ അടുപ്പിച്ചു നിര്‍ത്തുന്ന ഏക ആശയ വിനിമയ മാര്‍ഗ്ഗം. മകളോട് പഠിത്തത്തില്‍ ശ്രദ്ധിക്കണമെന്നുള്ള ഉപദേശം ദിലീപ് ജയിലില്‍ നിന്ന് നല്‍കാറുണ്ട്.

അതിന് അപ്പുറം ഒന്നും പറയാറില്ല. തനിക്ക് സുഖമാണെന്നും ഉടന്‍ പുറത്തിറങ്ങുമെന്നും ദിലീപ് ആവര്‍ത്തിക്കുമായിരുന്നു. ജയിലില്‍ വ്രതമെടുക്കുന്നതും ശബരിമലയിലേക്ക് പോകാനുള്ള തീരുമാനവുമെല്ലാം ആത്മവിശ്വാസം കൂട്ടാനുള്ള തന്ത്രമായിരുന്നു. എന്നാല്‍ ഇതെല്ലാം തകിടം മറിഞ്ഞിരിക്കുകയാണിപ്പോള്‍.

ഇതിനിടയില്‍ താരം പുറത്തിറങ്ങാതിരിക്കാനുള്ള എല്ലാ നടപടികളും പോലീസ് നടത്തുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകായാണ് അന്വേഷണ സംഘം. കുറ്റപത്രം സര്‍പ്പിച്ചാല്‍ 90 ദിവസത്തിനകം ജാമ്യം ലഭിക്കുമെന്ന സാധ്യതയും ഇല്ലാതാകും.

മൂന്നാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പോലീസ് നടത്തുന്നതും ദിലീപിന് വന്‍ തിരിച്ചടിയാണ്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യം ലഭിക്കുമായിരുന്നു. ഈ ഒരു വഴി അടയ്ക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ കോടതിയില്‍ വിചാരണ നടക്കും. പിന്നീട് വിചാരണ തടവുകാരനായി ജയിലില്‍ കഴിയേണ്ടി വരും.

കടപ്പാട്: മറുനാടന്‍ മലയാളി