പ്രവാസികള്‍ക്ക് ഗള്‍ഫില്‍ നിന്നും കുറഞ്ഞ ചെലവില്‍ നാട്ടിലേക്ക് പറക്കാം

single-img
29 August 2017

ദുബൈ: പ്രവാസികള്‍ക്കുള്ള ഓണസമ്മാനമായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞനിരക്കില്‍ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഓഗസ്റ്റ് 26നും 31നും ഇടയില്‍ ബുക്ക് ചെയ്യുന്ന നിശ്ചിത ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കില്‍ ലഭിക്കുക. സെപ്റ്റംബര്‍ നാലു മുതല്‍ മാര്‍ച്ച് 24 വരെയുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഈ ഓഫറിലൂടെ യാത്ര ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

യുഎഇയില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ജയ്പൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് 279 യുഎഇ ദിര്‍ഹമാണ് നിരക്ക്. മസ്‌ക്കത്തില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 30 ഒമാന്‍ റിയാല്‍ ആണ് പ്രത്യേക നിരക്ക്. സലാലയില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 40 ഒമാന്‍ റിയാല്‍ ആണ് പ്രത്യേക നിരക്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്നത്.

ദമാമില്‍ നിന്നും കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലേക്ക് 585 സൗദി റിയാലും കുവൈത്തില്‍ നിന്ന് കോഴിക്കോട്, കൊച്ചി, മംഗളൂരു എന്നിവിടങ്ങളിലേക്ക് 45 കുവൈത്തി ദിനാറുമാണ് നിരക്ക്. ദോഹയില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മുംബൈ എന്നീ സെക്ടറുകളിലേക്ക് 409 ഖത്തര്‍ ദിനാര്‍ ആണ് ഈടാക്കുക. ബഹ്‌റൈനില്‍ നിന്നും കോഴിക്കോട് സെക്ടറിലേക്ക് 50 ബഹ്‌റൈന്‍ ദിനാറും കൊച്ചിയിലേക്ക് 45 ദിനാറുമാണ് നിരക്ക്.