തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ താഴെ വീഴുമോ?: എ.ഐ.എ.ഡി.എം.കെ യോഗത്തില്‍ നിന്ന് 40 എംഎല്‍എമാര്‍ വിട്ടുനിന്നു

single-img
28 August 2017

ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വി.കെ ശശികലയെ പുറത്താക്കാന്‍ എടപ്പാടി പളനിസ്വാമി വിളിച്ചു ചേര്‍ത്ത എ.ഐ.എ.ഡി.എം.കെ യോഗത്തില്‍ നിന്ന് 40 എംഎല്‍എമാര്‍ വിട്ടുനിന്നു. ഇതോടെ പളനിസാമി പനീര്‍ശെല്‍വം പക്ഷത്തെ എംഎല്‍എമാരുടെ എണ്ണം 90 ലേക്ക് ചുരുങ്ങി. ഒ പനീര്‍ശെല്‍വവും എടപ്പാടി പളനിസാമിയും പങ്കെടുത്ത യോഗത്തില്‍ നിന്നാണ് 40 എംഎല്‍എമാര്‍ മന്നാര്‍ഗുഡി സംഘത്തിന് പിന്തുണ നല്‍കി വിട്ടുനിന്നത്.

നേരത്തെ 19 എംഎല്‍എമാര്‍ ദിനകരന് വേണ്ടി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ എംഎല്‍എമാര്‍ കൂടി ദിനകര പക്ഷത്താണെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്നുള്ള വിട്ടുനില്‍പ്.

നിലവില്‍ 23 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ദിനകരന്‍ പക്ഷം അവകാശപ്പെടുന്നത്. ഇതില്‍ 21 പേര്‍ റിസോട്ടില്‍ തുടരുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും നയിക്കുന്ന രണ്ട് പക്ഷങ്ങള്‍ ലയിച്ചതിനു ശേഷം നടത്തിയ ആദ്യത്തെ യോഗമാണ് ഇന്ന് നടന്നത്.

വി.കെ. ശശികലയെയും ടി.ടി.വി. ദിനകരനെയും പുറത്താക്കാന്‍ യോഗത്തില്‍ തീരുമാനമായി. അടുത്തമാസം ചേരുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും. ശശികലയും ദിനകരനും നടത്തിയ പാര്‍ട്ടി നിയമനങ്ങളും റദ്ദാക്കും.