സര്‍ക്കാര്‍ പദ്ധതികള്‍ രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടിയെന്ന് പ്രധാനമന്തി നരേന്ദ്രമോദി

single-img
28 August 2017

ന്യൂഡല്‍ഹി: രാജ്യത്തെ ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതെന്നും അത്തരം മഹത്തായ ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജന്‍ ധന്‍ യോജന മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ പദ്ധതി വിജയകരമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പ്രധാന മന്ത്രിയുടെ ട്വീറ്റ്.

‘ഇന്ന് ജന്‍ ധന്‍ യോജന പദ്ധതി മൂന്ന് വര്‍ഷം പൂര്‍ത്തിയാകുകയാണ്. പദ്ധതിയില്‍ പങ്കാളികളായ കോടിക്കണക്കിന് ജനങ്ങളോട് നന്ദി പറയുന്നു’. എന്ന്’ മോദി ട്വിറ്ററില്‍ കുറിച്ചു. ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സാമ്പത്തികമായി മുന്‍ നിരയിലെത്തിക്കാന്‍ കഴിഞ്ഞ ജന്‍ ധന്‍ യോജന, ചരിത്ര സംഭവമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സര്‍ക്കാര്‍ പദ്ധതികളായ ജന്‍ ധന്‍ യോജന, മുദ്രാ യോജന, സ്റ്റാന്റ് അപ്പ് ഇന്ത്യ എന്നീ പദ്ധതികള്‍ വഴി കോടിക്കണക്കിന് ആള്‍ക്കാരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ സാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 30 കോടിയോളം കുടുംബങ്ങള്‍ക്ക് ഇതുവരെ ജന്‍ ധന്‍ യോജന അക്കൗണ്ട് ലഭിച്ചിട്ടുണ്ടെന്നും 65000 കോടി രൂപ വിവിധ അക്കൗണ്ടുകളിലെത്തിയിട്ടുണ്ടെന്നും ഇന്നലെ മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.