ബെവ്‌കോ ജീവനക്കാരുടെ ബോണസ് 85000 രൂപ: ബോണസ് കുറയ്ക്കണമെന്ന ധനമന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി

single-img
28 August 2017

തിരുവനന്തപുരം: ബെവ്‌കോ ബോണസ് കുറയ്ക്കില്ല. ഭീമമായ തുക ബോണസ് അനുവദിക്കുക അസാധ്യമെന്ന ധനവകുപ്പിന്റെ അഭിപ്രായം മുഖ്യമന്ത്രി തള്ളി. നേരത്തെയുള്ള തീരുമാനം ഇത്തവണ മാറ്റേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 85000 രൂപ തന്നെ ബോണസ് നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അടുത്ത വര്‍ഷം ഡെപ്യൂട്ടേഷനില്‍ പോകുന്ന ജീവനക്കാര്‍ക്ക് ബോണസ് നല്‍കില്ല.

ഓണം അലവന്‍സായി വന്‍തുക ബോണസ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ധനമന്ത്രി മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. ബെവ്‌കോയിലെ വലിയ തോതിലുള്ള ബോണസിന്റെ ധനപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും, ബോണസിന് പരിധി നിശ്ചയിക്കണമെന്നും ധനമന്ത്രി ഡോ തോമസ് ഐസക്ക് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധനവകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രി പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു.

ബെവ്‌കോ ജീവനക്കാര്‍ക്ക് 85,000 രൂപ ബോണസ് അനുവദിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ വിവിധ വകുപ്പുകളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രി ബോണസ് കുറയ്ക്കില്ലെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്.