പലിശയിനത്തില്‍ അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ലഭിച്ചിട്ടും ആദായ നികുതി അടയ്ക്കാത്തവര്‍ കുടുങ്ങും

single-img
28 August 2017

ന്യൂഡല്‍ഹി: സ്ഥിര നിക്ഷേപത്തില്‍നിന്ന് അഞ്ച് ലക്ഷത്തിലേറെ പലിശ ലഭിച്ചിട്ടും ആദായ നികുതി അടയ്ക്കാതെ പറ്റിക്കുന്ന ആയിരക്കണക്കിന് ആളുകളെ ലക്ഷ്യം വെച്ച് ആദായനികുതി വകുപ്പ്. ആദായ നികുതി അടക്കാത്തവരില്‍ കൂടുതലും മുതിര്‍ന്ന പൗരന്മാരാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പറയുന്നു.

പണമായി പ്രതിഫലം പറ്റുന്ന പ്രൊഫഷണലുകളുടെ പിറകെയും ആദായ നികുതി വകുപ്പുണ്ട്. പലരും ആഢംബര ജീവിതം നയിക്കുമ്പോഴും വരുമാനം മുഴുവന്‍ റിട്ടേണില്‍ കാണിക്കാത്ത സാഹചര്യമാണുള്ളതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിക്ഷേപകന് ബാങ്കുകള്‍ പത്ത് ശതമാനം ടിഡിഎസ് പിടിച്ചാണ് പലിശ കൈമാറുന്നത്. എന്നാല്‍ 30 ശതമാനം ടാക്‌സ് ബ്രാക്കറ്റിലുള്ളവര്‍ പോലും ബാക്കിയുള്ള നികുതി അടയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു.

അതേസമയം ഡോക്ടര്‍മാരില്‍ നല്ലൊരു ശതമാനം ആളുകള്‍ രോഗികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് കൈപ്പറ്റുന്നവരാണ്. പകര്‍ച്ചപ്പനികളും മറ്റും പടര്‍ന്നു പിടിക്കുന്ന സാഹചര്യമായതിനാല്‍ ഈ അവസരം നന്നായി ഉപയോഗിച്ച് പലരും രോഗികളില്‍ നിന്ന് വന്‍ തുകയാണ് ഈടാക്കുന്നത്.

എന്നാല്‍ ഈ തുക രേഖകളില്‍ കാണിക്കുന്നില്ല. വന്‍ തുക വരുമാനമുള്ളപ്പോഴും തന്ത്രപരമായി ആദായനികുതി വകുപ്പിനെ കബളിപ്പിക്കുകയാണ്. ഇത്തരക്കാരെ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ചെറിയ വരുമാനമുള്ള സാധാരണക്കാരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.