പുലികളിയിലെ തൃശൂള്‍പ്പെരുമ • ഇ വാർത്ത | evartha
Editors Picks, Onam Culture

പുലികളിയിലെ തൃശൂള്‍പ്പെരുമ

അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് സ്ഥലങ്ങള്‍. തലമുറകളായി തുടര്‍ന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണം വൈകിട്ടാണ് പുലിക്കളി. വേഷം കെട്ടല്‍ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. ശരീരമാകെ വടിച്ച് മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍ കൃത്രിമമായി നിര്‍മ്മിച്ച വനത്തില്‍ നിന്ന് ചാടിയിറങ്ങുന്ന നൂറുകണക്കിന് പുലികള്‍ നടുവിലാന്‍ ഗണപതിക്ക് മുമ്പില്‍ നാളീകേരമുടച്ചാണ് കളി തുടങ്ങുന്നത്.

തൃശ്ശൂരിലെ പുലിക്കളിക്ക് മറ്റൂ സ്ഥലങ്ങളില്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേല്‍ ഉപയോഗിക്കുന്ന ചായം ഇനാമല്‍ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയില്‍ നന്നായി കൂട്ടിച്ചേര്‍ത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്.

ചിലര്‍ ശരീരത്തില്‍ ചിത്രങ്ങള്‍ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികള്‍. പച്ച, മഞ്ഞ്, കറുപ്പ്, സില്‍വര്‍, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവര്‍ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാല്‍ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.

കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി അഥവാ കടുവക്കളി. ഓണക്കാലങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വര്‍ഷത്തെ പഴക്കമുണ്ട്. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ അന്നേദിവസം കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തില്‍ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങള്‍ക്കനുസരിച്ച് നൃത്തം വെയ്ക്കുകയും ചെയ്യുന്നു. ഉടുക്കും, തകിലുമാണ് വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തില്‍ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാന്‍ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.