വിരമിച്ച ഉദ്യോഗസ്ഥയെയും സ്ഥലം മാറ്റി ആരോഗ്യ വകുപ്പിന്റെ വിചിത്ര ഉത്തരവ്

single-img
26 August 2017

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ സര്‍ക്കാര്‍ നടത്തിയ കൂട്ട സ്ഥലം മാറ്റത്തിലും വ്യാപക ക്രമക്കേട്. മൂന്ന് വര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥയെ പോലും സ്ഥലം മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കൊല്ലത്ത് നിന്ന് വിരമിച്ച ഗ്രേഡ് 1 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലില്ലിയാണ് വിരമിച്ചിട്ടും ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇവരെ കൊല്ലത്ത് നിന്നും എറണാകുളത്തേക്കാണ് മാറ്റിയത്. ഓണത്തിരക്കിനിടെ തിരക്കിട്ട് നടത്തിയ സ്ഥലംമാറ്റ പട്ടികയില്‍ വന്ന പിശകാണ് വിരമിച്ച ഉദ്യോഗസ്ഥയും ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കാരണമായതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു 531 പേരെ ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പില്‍ സര്‍ക്കാര്‍ കൂട്ട സ്ഥലം മാറ്റം നടത്തിയത്. ഓണം അലവന്‍സ് പോലും ലഭിക്കാത്ത രീതിയില്‍ നടത്തിയ സ്ഥലം മാറ്റത്തിനിടെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.

പലര്‍ക്കും അപ്പീല്‍ നല്‍കാന്‍ പോലും അവസരം ലഭിച്ചിരുന്നില്ല. സാധാരണ ഗതിയില്‍ ഏപ്രില്‍ അവസാനം കരട് പട്ടിക തയ്യാറാക്കി മെയ് അവസാനമാണ് സ്ഥലം മാറ്റം നടത്താറുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് ഓണക്കാലത്തുള്ള സ്ഥലം മാറ്റം.