ജയിലില്‍ വിവിഐപി പരിഗണനയില്‍ ഗുര്‍മീത്; പ്രത്യേക സെല്‍, മിനറല്‍ വാട്ടര്‍, എല്ലാകാര്യങ്ങള്‍ക്കും സഹായി…

single-img
26 August 2017

ദേരാ സച്ചാ സൗദാ തലവനും വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിങിന് ജയിലില്‍ വിഐപി പരിഗണന. കഴിഞ്ഞ ദിവസം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ റാം റഹീം സിങ്ങിനെ റോഹ്തക് ജയിലിലേക്ക് മാറ്റുകയായിരുന്നു. ജയിലില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക സെല്ലിലാണ് ഗുര്‍മീതിനെ താമസിപ്പിച്ചിരിക്കുന്നത്. ഉപയോഗിക്കുവാന്‍ ബോട്ടിലിലെ ശുദ്ധീകരിച്ച മിനറല്‍ വാട്ടര്‍ മാത്രമാണ് നല്‍കുന്നത്. ഇതിന് പുറമെ ഇയാള്‍ക്ക് സഹായത്തിന് ഒരു സഹായിയേയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ജയിലില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

ജാമ്യത്തിലായിരുന്ന ഇയാള്‍ 250 കിലോമീറ്റര്‍ ദൂരം 200 കാറുകളുടെയും ലക്ഷക്കണക്കിന് അണികളുടേയും അകമ്പടിയോടെയാണ് കോടതിയിലേക്ക് എത്തിയത്. വെള്ള വസ്ത്രവും അഴിച്ചിട്ട നീളന്‍ മുടിയുമായിരുന്നു റാം റഹിമിന്റെ വേഷവിധാനം. ജഡ്ജി കുറ്റപത്രം വായിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ കണ്ണുകളടച്ച് സദാ പ്രാര്‍ത്ഥനയോടെയാണിയാള്‍ വിധി കേള്‍ക്കാന്‍ നിന്നുരുന്നത്. വിധികേട്ട് പുറത്തിറങ്ങുമ്പോള്‍ അണികളെ അഭിവാദ്യം ചെയ്യുന്നതിനും ഗുര്‍മിത് മറന്നില്ല.

2002ല്‍ ആശ്രമവാസികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് ഗുര്‍മീത് റാം റഹിമിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിധിയെത്തുടര്‍ന്ന് അനുയായികള്‍ വ്യാപക ആക്രമണമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തി വരുന്നത്.

തുടര്‍ന്ന് ഹെലികോപ്ടറിലാണ് ഇയാളെ റോഹ്തക്കില്‍ എത്തിച്ചത്. റോഹ്തകിലെ പൊലീസ് ഗസ്റ്റ് ഹൗസ് താല്‍ക്കാലിക ജയിലാക്കി റാം റഹീമിനെ അവിടെ താമസിപ്പിക്കുകയും സംഘര്‍ഷങ്ങള്‍ക്ക് അയവു വന്നശേഷം വൈകിട്ടോടെ ജയിലില്‍ എത്തിക്കുകയുമായിരുന്നു. അതേസമയം സ്ഥിതിഗതികള്‍ കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് തിങ്കളാഴ്ച കോടതി നടപടികള്‍ ഉണ്ടാവുക.