പിവി അന്‍വര്‍ എംഎല്‍എയുടെ വളഞ്ഞവഴി: ‘നിലവിലെ ഡാം പൊളിച്ചാല്‍ പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാന്‍ ബദല്‍ ഡാം’

single-img
26 August 2017

തിരുവമ്പാടി: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാന്‍ അനധികൃതമായി മറ്റൊരു ഡാം കൂടി നിര്‍മിച്ചതായി പരാതി. നിലവിലെ ഡാം പൊളിച്ച് നീക്കിയാല്‍ പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാനായാണ് സമീപത്തു തന്നെയായി ഈ ബദല്‍ ഡാം നിര്‍മിച്ചിരിക്കുന്നത്. വനത്തിലെ ജലം തന്നെയാണ് ഡാമിലേക്ക് കടത്തുന്നത്. ഇതിന് വനം വകുപ്പിന്റെയോ മറ്റൊ അനുമതിയുമില്ല.

ഡാമിന് പുറമെ തിരുവമ്പാടി സ്വദേശിയുടെ പേരില്‍ റിസോര്‍ട്ട് നിര്‍മാണം നടത്തിയതായും റിസോര്‍ട്ടിലേക്ക് വനം വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് നിര്‍മാണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അനധികൃത നിര്‍മാണത്തിനെതിരെ സി.പി.ഐ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ ചെക്ക് ഡാമിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞമാസമായിരുന്നു കൂടരഞ്ഞിയില്‍ പി.വി അന്‍വര്‍ എം.എല്‍.എ അനധികൃതമായി വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചതായും ആദിവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തില്‍ ചെക്ക് ഡാം നിര്‍മിച്ചതായുമുള്ള പരാതി ഉയര്‍ന്ന് വന്നത്. പരാതി ശരിയാണെന്ന് കണ്ടെത്തിയതോടെ ഡാം പൊളിച്ചു മാറ്റാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ ടി.ഒ അരുണ്‍ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് എംഎല്‍എയുടെ പേരില്‍ രണ്ടാമതും വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്.