‘കോടതി വിധിയെ തുടര്‍ന്നുള്ള അക്രമവും പൊതുമുതല്‍ നശിപ്പിക്കുന്നതും അംഗീകരിക്കാനാകില്ല’: ദേരാ സച്ചാ സൗദ കലാപത്തെ അപലപിച്ച് രാഷ്ട്രപതി

single-img
26 August 2017

ദില്ലി: ബലാത്സംഗ കേസില്‍ ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിന് പിന്നാലെ
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ അനുയായികള്‍ നടത്തിയ വ്യാപക അക്രമത്തെ ട്വിറ്ററിലൂടെ അപലപിച്ച് രാഷ്ട്രപതി രാം നാഥ് ഗോവിന്ദ്. കോടതി വിധിയെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടാക്കുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും പൊതുജനങ്ങള്‍ സംയമനം പാലിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

പഞ്ചകുളയിലെ പ്രത്യക സിബിഐ കോടതിയാണ് 15 വര്‍ഷം മുന്‍പ് നടന്ന ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹിം കുറ്റക്കാരനാണെന്ന് വിധിച്ചത്. തുടര്‍ന്ന് റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അനുയായികള്‍ അക്രമം തുടങ്ങിയത്. ഹരിയാനയിലുണ്ടായ കലാപത്തില്‍ ഇതിനകം 32 പേര്‍ കൊല്ലപ്പെടുകയും, 200 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പഞ്ചാബില്‍ ഒരു റെയില്‍വെ സ്റ്റേഷനും പെട്രോള്‍ പമ്പും തീയിട്ട് നശിപ്പിച്ചു. നൂറോളം വാഹനങ്ങളും അഗ്‌നിക്ക് ഇരയാക്കി.

ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ സച്ചാ സൗദാ നേതാവിനെതിരെയുള്ള വിധി പുറപ്പെടുവിക്കുന്നുവെന്നറിഞ്ഞ് ഒരാഴ്ചയോളമായി സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പഞ്ചാബിലും, ഹരിയാനയിലുമായി പതിനായിരത്തോളം വരുന്ന അര്‍ധ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ കലാപം അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ചണ്ഡീഗഡ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കലാപം അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി അക്രമത്തിന് കൂട്ടുനിന്നുവെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചത്.