ഗര്‍ഭം ധരിക്കുന്നതും അലസിപ്പിക്കുന്നതും ഒരു സ്ത്രീയുടെ സ്വകാര്യാവകാശമെന്ന് സുപ്രീംകോടതി

single-img
25 August 2017

ന്യൂഡല്‍ഹി: സ്വകാര്യത വ്യക്തിയുടെ മൗലീകാവകാശമാണെന്ന ചരിത്ര പ്രധാനമായ വിധി കഴിഞ്ഞ ദിവസമായിരുന്നു സുപ്രീംകോടതി പുറപ്പെടുവിച്ചത്. പക്ഷേ സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നും വ്യക്തമാക്കിയ സുപ്രീംകോടതി സ്വകാര്യതയുടെ അതിരില്‍ എന്തെല്ലാം കാര്യങ്ങള്‍ വരുമെന്ന് വ്യക്തമാക്കിയിരുന്നില്ല.

എന്നാല്‍ ഗര്‍ഭം ധരിക്കണോ വേണ്ടയോ എന്നതും ഗര്‍ഭം അലസിപ്പിക്കണോ എന്നതും ഒരു സ്ത്രീയുടെ സ്വകാര്യതയില്‍ പെടുമെന്ന് സുപ്രീം കോടതി തന്നെ വ്യതക്തമാക്കിയിരിക്കുകയാണ്. ചരിത്ര പ്രധാനമായ വിധിപറഞ്ഞ ഒമ്പതംഗ ബഞ്ചിലെ ജസ്റ്റിസ് ജെ.ചെലമേശ്വറാണ് ഇക്കാര്യം വിധിന്യായത്തില്‍ എഴുതിയത്.

ഗര്‍ഭിണിയായി 20 ആഴ്ചക്കുള്ളില്‍ (അഞ്ചു മാസം) ഗര്‍ഭം അലസിപ്പിക്കുന്നതാണ് നിലവില്‍ നിയമം അനുകൂലിക്കുന്നത്. മാത്രമല്ല അമ്മയുടെ ആരോഗ്യത്തിന് ഹാനിയോ ജീവന് അപകടമോ ആവുമെങ്കില്‍, ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനെയോ ആയുസ്സിനെയോ ബാധിക്കുന്ന വിധത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍, ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ പരാജയം മൂലം ഗര്‍ഭിണിയായാല്‍, അല്ലെങ്കില്‍ ഗര്‍ഭസ്ഥശിശുവിന് ജീവനില്ലെങ്കില്‍ മാത്രമാണ് ഗര്‍ഭഛിദ്രം അനുവദിച്ചിട്ടുള്ളത്. പുതിയ വിധിയോടെ ഈ നിയമത്തില്‍ മാറ്റം വരുമെന്നാണ് കരുതുന്നത്.

സ്വജീവന്‍ നിലനിര്‍ത്താനും വെടിയാനുമുള്ള അവകാശവും സ്വകാര്യതയില്‍ വരുമെന്ന് വിധിയിലുണ്ട്. ചികിത്സയിലൂടെ ജീവന്‍ നീട്ടിക്കൊണ്ട് പോവുന്നതും ജീവന്‍ ഉപേക്ഷിക്കുന്നതും സ്വകാര്യതയില്‍ വരുന്നതാണ്. പൗരന്റെ ശരീരത്തില്‍ ഭരണകൂടം അതിക്രമിച്ച് കയറിയപ്പോഴാണ് സ്വകാര്യതയെകുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന് വന്നതെന്നും 44 പേജുള്ള വിധി പ്രസ്താവം വായിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു.

നിരാഹാര സമരം രാജ്യത്ത് ആര്‍ക്കും അറിയാത്ത സമരമാര്‍ഗമല്ല. പക്ഷെ ഇത്തരക്കാരെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ച് സമരത്തെ അടിച്ചമര്‍ത്തുന്നതും സാധാരണ സംഭവം തന്നെ. നിലവിലെ വിധിയുടെ അടിസ്ഥാനത്തില്‍ ഇത്തരം സമര രീതിയും സ്വകാര്യതയില്‍ പെടും. ആധാര്‍ അടക്കമുള്ള കാര്യങ്ങള്‍ വിധിയെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും ചെലമേശ്വര്‍ പറഞ്ഞു.

രാജ്യത്തെ ഏതെങ്കിലും ഒരു വ്യക്തിയോട് ഏതെങ്കിലും സര്‍ക്കാര്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരുടെയൊക്കെ കൂടെ ചേരണം അല്ലെങ്കില്‍ ജീവിക്കണം എന്നിവയെല്ലാം നിര്‍ദേശിക്കുന്നത് ആരെങ്കിലും ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ വ്യക്തിയെ സംബന്ധിച്ചതെല്ലാം സ്വകാര്യതയില്‍ പെടുന്നതാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി.