കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡോക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

single-img
25 August 2017

വിവിധ ജില്ലകളില്‍ നിന്നായി ദിവസവും ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രി, ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്നതിനായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെത്തുന്ന സ്ഥലം ഇതെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രത്യേകതയാണ്. ഇതൊക്കെയാണെങ്കിലും ആശുപത്രിയെക്കുറിച്ചുയരുന്ന പരാതികള്‍ക്ക് കുറവില്ല. ഇപ്പോഴിതാ മെഡിക്കല്‍കോളേജിലെ ഡോക്ടര്‍ തന്നെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

വ്യക്തമായ ആസൂത്രണത്തിന്റെ അഭാവം കൊണ്ട് സര്‍ക്കാര്‍ മുടക്കുന്ന കോടികള്‍ പാഴാക്കികളയുകയാണ്
കോഴിക്കോട് മെഡിക്കല്‍ കോളേജെന്നാണ് ഡോക്ടര്‍ അരുണ്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ കഴിഞ്ഞ രണ്ടുമാസമായി പുതിയ ഒരു അത്യാധുനിക സ്‌കാനിംഗ് യന്ത്രം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് എന്നു തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സിംഗിള്‍ ഫോട്ടോണ്‍ എമിഷന്‍ കംപ്യൂട്ടഡ് ടോമോഗ്രാഫി (SPECT) എന്ന സങ്കേതം ആണ് ഇതെന്നും സാധാരണ സീ.ടി യന്ത്രത്തിന്റെ സവിശേഷതകളും ഒരു ഗാമാ ക്യാമറയുടെ സവിശേഷതകളും ഒന്നിച്ചുചേര്‍ത്ത ഒരു യന്ത്രമാണ് ഈ സ്‌പെക്ട് സ്‌കാനെന്നും ആറര കോടിയാണ് ഇതു സ്ഥാപിക്കാന്‍ ചെലവു വന്നതെന്നും പറയുന്നു.

എന്നാല്‍ അവിടെയുള്ള ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് യന്ത്രം മെഡിക്കല്‍ കോളേജില്‍ വന്നിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു എന്ന് അരുണ്‍ പറയുന്നു. യന്ത്രം വാങ്ങുകയും അത് സ്ഥാപിക്കാനുള്ള കരാര്‍ ശരിയാകുകയും ചെയ്തശേഷവും ജീവനക്കാരില്ലാത്തതിനാലോ മറ്റെന്തൊക്കെയോ സാങ്കേതിക പ്രശ്‌നങ്ങളാലോ പ്രവര്‍ത്തനമാരംഭിക്കാന്‍ 2 വര്‍ഷം വൈകുകയായിരുന്നുവെന്നാണ് അരുണിന്റെ വെളിപ്പെടുത്തല്‍. ആറ് കോടിയുടെ യന്ത്രം സ്ഥാപിച്ചിട്ടും നിസ്സാര ശമ്പളത്തിന് നിയമിക്കാവുന്ന ഏതാനും ജീവനക്കാരുടെ കുറവുമൂലം രണ്ടുവര്‍ഷം ഈ അമൂല്യ യന്ത്രത്തിന്റെ സേവനം സാധാരണക്കാര്‍ക്ക് നഷ്ടപ്പെടുത്തുകയായിരുന്നു. നിലവില്‍ ഇവിടുത്തെ ഇരുന്നൂറോളം സ്‌കാനുകളാണ് ഓരോ മാസവും ചെയ്യാന്‍ സാധിക്കുന്നത്.

അങ്ങനെ നോക്കിയാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സാധാരണക്കാരായ രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചെയ്യേണ്ടിവന്നത് 2400 ഓളം സ്‌കാനുകള്‍ ആണ്. ഒരു കോടിക്കും രണ്ടര കോടിക്കും ഇടയിലുള്ള തുകയാണ് ഇതുമൂലം സാധാരണക്കാരന് നഷ്ടം വന്നതെന്ന് ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതു മാത്രമല്ല, ആറുവര്‍ഷം മുമ്പ് ഒരു കോടിയോളം മുടക്കി പുതിയ ഒരു ഗാമ ക്യാമറ ഇവിടെ എത്തിച്ചിരുന്നെന്നും എന്നാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരെ നിയമിക്കാത്തതുമൂലം ആറുവര്‍ഷം ഒരു രോഗിക്ക് പോലും ഈ ക്യാമറ ഉപകാരപ്പെട്ടില്ലെന്നും അരുണ്‍ വ്യക്തമാക്കി. ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് ക്യാമറ പൂര്‍ണമായും ഉപയോഗശൂന്യമായി പോകുകയായിരുന്നു.

സാങ്കേതികവിദ്യ സ്ഥാപിച്ചിടത്ത് ജീവനക്കാരില്ല. ജീവനക്കാര്‍ ഉള്ളിടത്ത് സാങ്കേതികവിദ്യയില്ല. എല്ലാം ശരിയായി വരുമ്പോഴേക്കും യന്ത്രം പ്രവര്‍ത്തിക്കാതാവുകയും അതിന്റെ വാറന്റി കാലാവധി കഴിഞ്ഞിരിക്കുകയും ചെയ്യുന്നെന്നും പിന്നെ വീണ്ടും കോടികള്‍ മുടക്കി അടുത്ത യന്ത്രം വാങ്ങാന്‍ ടെണ്ടര്‍ വിളിക്കുകയാണ് പതിവെന്നും അരുണ്‍ പറയുന്നു.

അത്യാഹിതവിഭാഗത്തില്‍ ആരംഭിച്ച എയര്‍കണ്ടീഷന്‍ സംവിധാനത്തിന്റെ അവസ്ഥയും ഇതു തന്നയാണ്. കാറ്റു പോലും കടക്കാത്ത എയര്‍കണ്ടീഷന്‍ മുറിയില്‍ എസി പ്രവര്‍ത്തിക്കാതായതോടെ ശുദ്ധവായു പോലും കിട്ടാതെ വലയുകയാണ് രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലാം. അനേകം സാംക്രമികരോഗങ്ങളും ആയി രോഗികള്‍ എത്തുന്ന അത്യാഹിതവിഭാഗത്തില്‍ നിന്ന് എല്ലാവര്‍ക്കും രോഗം പകര്‍ന്നു കിട്ടാനും ഇതുമൂലം സാധ്യതയുണ്ടെന്നും. ഇതെല്ലാം അറിയുന്ന അധികൃതര്‍ മാസങ്ങളായിട്ടും യാതൊരു നീക്കവും ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി നടത്തിയിട്ടില്ലെന്നും അരുണ്‍ പറഞ്ഞു.

ഈ ഭീമന്‍ നഷ്ടക്കച്ചവടത്തിലെ ഏറ്റവും പുതിയ എന്‍ട്രിയാണ് എല്ലാ വാര്‍ഡിലും ഇടം പിടിച്ചിരിക്കുന്ന കമ്പ്യൂട്ടറുകള്‍. ഇത് കരുതി എല്ലാ വാര്‍ഡിലും സ്ഥാപിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒന്ന് പോലും ഓണ്‍ ആക്കാന്‍ പോലും സാധിച്ചിട്ടില്ല. നെറ്റ്വര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമുള്ള ബാക്കി സംവിധാനങ്ങള്‍ എന്തെങ്കിലും ഘടിപ്പിക്കാന്‍ ബാക്കിയുണ്ട് എന്നതായിരിക്കാം ന്യായീകരണം. എന്തായാലും അതെല്ലാം സ്ഥാപിച്ചു നെറ്റ്വര്‍ക്ക് പ്രവര്‍ത്തനക്ഷമമായി വരുമ്പോഴേക്ക് ഈ കമ്പ്യൂട്ടറുകള്‍ ഒന്നൊഴിയാതെ കേടായിരിക്കും. അവയുടെ വാറന്റി കാലാവധിയും കഴിഞ്ഞിരിക്കും. തുടര്‍ന്ന് അവയെ നമുക്ക് കുപ്പയിലേക്ക് തട്ടുകയും കോടികള്‍ ടെന്‍ഡര്‍ കൊടുത്ത് വീണ്ടും കമ്പ്യൂട്ടറുകള്‍ വാങ്ങുകയും ചെയ്യാമെന്നും അരുണ്‍ പരിഹസിക്കുന്നുണ്ട്.