സാംസങ് ഗാലക്‌സി നോട്ട് 8 പുറത്തിറങ്ങി

single-img
24 August 2017

സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സാംസങിന്റെ ഏറ്റവും പുതിയ മോഡല്‍ ഗാലക്‌സി നോട്ട് 8 പുറത്തിറക്കി. ഡ്യുവല്‍ ക്യാമറ ലെന്‍സുമായി എത്തുന്ന സാംസങിന്റെ ആദ്യ സ്മാര്‍ട് ഫോണാണ് ഗാലക്‌സി നോട്ട് 8. സുരക്ഷിതമല്ലെന്ന് കാണിച്ച് നോട്ട് 7 പിന്‍വലിച്ചതിന് ശേഷം വിലയ പ്രതീക്ഷയോടെയാണ് പുതിയ മോഡല്‍ വിപണിയിലെത്തുന്നത്.

ഡ്യുവല്‍ റിയര്‍ ക്യാമറയോടൊപ്പം ബിക്‌സ്ബി വോയ്‌സ് അസിസ്റ്റന്റും ആണ് ഗാലക്‌സി നോട്ട് 8 ന്റെ പ്രധാന സവിശേഷതകള്‍. 12 മെഗാപിക്‌സലിന്റെ രണ്ട് ക്യാമറയാണ് സാംസങ് ഗാലക്‌സി നോട്ട് 8നുള്ളത്. എഫ്1.7 അപ്പേര്‍ച്ചര്‍, ഡ്യുവല്‍ പിക്‌സല്‍ ടെക്‌നോളജി, 2ഃ ഒപ്റ്റിക്കല്‍ സൂം തുടങ്ങിയ സംവിധാനങ്ങളും ഈ ക്യാമറയ്‌ക്കൊപ്പം ഉണ്ടാവും. 8 മെഗാപിക്‌സലിന്റേതാണ് ഫ്രണ്ട് ക്യാമറ.

കൂടാതെ എസ്‌പെന്‍ സ്‌റ്റൈലസ് ആണ് മറ്റൊരു പ്രത്യകത. ഫോണ്‍ ഓഫാണെങ്കിലും നോട്ടുകള്‍ കുറിച്ചെടുക്കാവുന്ന സാങ്കേതികതയാണിത്. ഹാര്‍മണ്‍ ഇയര്‍ഫോണുകളും ഫോണിനൊപ്പം ഉണ്ടാവും.  ഡിസ്‌പ്ലേയുടെ സംരക്ഷണത്തിന് കോണിങ് ഗൊറില്ല ഗ്ലാസ് 5 ഉം പുതിയ ഫോണില്‍ സാംസങ് ഉപയോഗിച്ചിട്ടുണ്ട്.

ആന്‍ഡ്രോയിഡിന്റെ ഗാലക്‌സി 7.1.1 ന്യൂഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 8.0 ഓറിയോയും ഫോണില്‍ താമസിയാതെ പ്രതീക്ഷിക്കാം. 6 ജിബി റാം കൂടിയാകുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. 64ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജുള്ള മൂന്ന് വ്യത്യസ്ത പതിപ്പുകളുമുണ്ടാവും. ഒപ്പം മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവും ഉണ്ടാവും.

3300 മില്ലി ആമ്പിയറിന്റെ ബാറ്ററിയാണ് ഗാലക്‌സി നോട്ട് 8ന്. ചാര്‍ജിങിനായി യുഎസ്ബി ടൈപ്പ് സി പോര്‍ടും വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഉണ്ടാവും. ഇന്‍ബില്‍റ്റ് ബാറ്ററിയാണെന്നത് ഗാലക്‌സി നോട്ട് 8ന്റെ പോരായ്മയായി ചൂടിക്കാട്ടുന്നുണ്ട്. ബാറ്ററി അധികമായി ചൂടാകുന്നതും ഫോണ്‍ പൊട്ടിത്തെറിച്ചതായുള്ള റിപ്പോര്‍ട്ടുകളുമാണ് നോട്ട് 7ന് തിരിച്ചടിയായത്.

വിപണിയില്‍ നിന്ന് ഫോണ്‍ പിന്‍വലിച്ചതോടെ ദശലക്ഷത്തിലധികം ഡോളറാണ് കമ്പനിക്ക് നഷ്ടമായത്. ഐ ഫോണ്‍ 7 പ്ലസ്, നോക്കിയ 8, ഒണ്‍ പ്ലസ് 5 തുടങ്ങി മറ്റ് ഫോണുകളെ പിന്തള്ളി വിപണി കീഴടക്കുന്നതിലൂടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് നോട്ട് 8 എത്തുന്നത്.

മിഡ്‌നൈറ്റ് ബ്ലാക്ക്, ഓര്‍ക്കിഡ് ഗ്രേ, ഡീപ്പ് സീ ബ്ലൂ, മാപ്പിള്‍ ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. 64 ജിബിയുടെ പതിപ്പിന് 930 ഡോളറാണ് ഫോണിന് വില ( ഏകദേശം 59,561രൂപ). മറ്റു പതിപ്പുകള്‍ക്ക് വില ഇതിലും കൂടാം. അതേസമയം ഫോണിന്റെ ഇന്ത്യന്‍ വിപണി വില എത്രയായിരിക്കുമെന്ന് സാംസങ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.