ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരം അവസാനിപ്പിച്ചു

single-img
24 August 2017

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമന വിഷയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയ്ക്ക് മുന്നില്‍ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. ശൈലജയ്‌ക്കെതിരായ സിംഗിള്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് പിന്‍വലിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.

സഭാസമ്മേളനം അവസാനിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യമന്ത്രിക്കെതിരായ സമരം തുടരുമെന്നും വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രിക്കെതിരെ മൂന്ന് സ്ഥലങ്ങളില്‍ സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഡിവിഷന്‍ ബെഞ്ച് നീക്കിയത്. മന്ത്രിയുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചില്‍ വാദിച്ചു. ബാലാവകാശ കമ്മീഷനില്‍ സിപിഎം നേതാവ് ടി.ബി സുരേഷ്‌കുമാറിനെ നിയമിക്കാനായി മന്ത്രി ഇടപെട്ടുവെന്നാണ് ആരോപണം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ ലോകായുക്ത മന്ത്രിക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോകായുക്ത കേസെടുത്തെങ്കിലും പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത ഡിവിഷന്‍ ബെഞ്ച് വിധി മന്ത്രിക്കും സര്‍ക്കാരിനും ആശ്വാസം പകരുന്നതാണ്.