നിയമസഭ പ്രക്ഷുബ്ധം: ശൈലജയുടെ രാജിയാവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം

single-img
24 August 2017

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജിയാവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. നാലാം ദിവസമാണ് രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്.

രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തരവേളയില്‍ പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.

ആരോഗ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് കെ.സി. ജോസഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എംഎല്‍എമാരുടെ സത്യഗ്രഹവും സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. എല്ലാ ദിവസവും സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നത് ആശാസ്യമല്ലെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടിട്ടും അംഗങ്ങള്‍ നിര്‍ദേശം മുഖവിലയ്‌ക്കെടുക്കാതെ ബഹളം തുടരുകയാണ് അതേസമയം സഭാ കവാടത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നാല് ദിവസമായി നടത്തി വരുന്ന സത്യാഗ്രഹം ഇന്നും തുടരുകയാണ്.