നടി പ്രിയാമണിയെ മുസ്തഫ രാജ് മിന്നുകെട്ടി: ആര്‍ഭാടങ്ങളില്ലാതെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹം

single-img
24 August 2017

ലളിതമായ ചടങ്ങില്‍ നടി പ്രിയാമണിയും വ്യവസായി മുസ്തഫ രാജും വിവാഹിതരായി. ബെംഗളൂരു ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ലളിതമായ വേഷവിധാനങ്ങളോടെയായിരുന്നു വധൂവരന്‍മാര്‍ വിവാഹത്തിനെത്തിയത്.

സിനിമാതാരങ്ങള്‍ ആര്‍ഭാട പൂര്‍ണമായ രീതിയില്‍ ചടങ്ങുകള്‍ നടത്തുമ്പോഴാണ് തീര്‍ത്തും ലളിതമായ രീതിയില്‍ പ്രിയാമണിയുടെ വിവാഹം നടത്തിയത്. ഇന്നു നടക്കുന്ന റിസപ്ഷനില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ഇരുപത്തിയേഴിന് മുംബൈയില്‍ വച്ചു നടക്കുന്ന വിവാഹ സല്‍ക്കാരത്തോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.

ഇരുവരും രണ്ടു മതത്തില്‍പ്പെട്ടവര്‍ ആയതിനാലാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതെന്ന് പ്രിയാമണി നേരത്തെ പറഞ്ഞിരുന്നു. ബംഗുളുരുവില്‍ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഐപിഎല്‍ ചടങ്ങില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. പാലക്കാട് സ്വദേശിനിയായ പ്രിയ 2002ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ എവരേ അട്ടഗാഡു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.