വ്യാജ വാര്‍ത്തക്കെതിരെ ആഞ്ഞടിച്ച് ഗൗതമി

single-img
24 August 2017

 

പ്രശസ്ത തെന്നിന്ത്യന്‍ നടനായ കമല്‍ ഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന പ്രചരണങ്ങളെ തള്ളി ഗൗതമി. ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയ്‌ക്കെതിരെയാണ് ഗൗതമി രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. ‘വിഡ്ഢികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരയ്ക്കുകയും ചെയ്‌തോട്ടെ. ഞാന്‍ മുന്‍പോട്ട് പോയികൊണ്ടിരിക്കുകയാണ്. എല്ലാവരും അവരുടെ ജീവിതത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്നതിനല്ലന്ന് ഗൗതമി ട്വിറ്ററില്‍ കുറിച്ചു.

കമല്‍ഹാസനും നടി ഗൗതമിയും 13 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഗൗതമി തന്നെയാണ് ആരാധകരോട് ഇക്കാര്യം തുറന്ന് പറഞ്ഞത്. തന്റെയും കമലിന്റെയും പാതകള്‍ ഒരിക്കലും അടുക്കാത്ത വിധം അകന്നു പോയെന്നും ഹൃദയഭേദകമായ തീരുമാനമാണെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നുമാണ് ഗൗതമി പറഞ്ഞത്.

കമല്‍ഹാസനും ഗൗതമിയും ഒരുമിക്കുന്നതിന് മുന്‍പ് ഇരുവരും വേറെ വിവാഹം ചെയ്തിട്ടുണ്ട്. മുന്‍ ഭാര്യയില്‍ കമല്‍ഹാസന് രണ്ട് പെണ്‍മക്കളുണ്ട്. ശ്രുതി ഹാസനും, അക്ഷര ഹാസനും. 1998ല്‍ ഗൗതമി വ്യവസായി സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തിരുന്നു. ആ ബന്ധത്തില്‍ ഗൗതമിക്ക് സുബാലക്ഷ്മി എന്ന മകളുമുണ്ട്. ഇതിന് ശേഷമാണ് ഗൗതമിയും കമല്‍ഹാസനും ഒന്നിച്ചത്.

ഇവര്‍ വേര്‍പിരിഞ്ഞ വാര്‍ത്ത തെന്നിന്ത്യന്‍ സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. വേര്‍പിരിയലിനുള്ള കാരണം രണ്ട് പേരും കൃത്യമായി പറഞ്ഞിരുന്നില്ല. വാര്‍ത്ത പുറത്ത് വിട്ട് കൊണ്ട് ഗൗതമിയുടെ ട്വിറ്റര്‍ പോസ്റ്റ് ചര്‍ച്ചയായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ കമല്‍ഹാസനും ഗൗതമിയും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.