വസ്ത്രങ്ങളിലെ കരിമ്പന്‍ പോകുന്നില്ലേ?: എങ്കില്‍ ഇതാ ഒരു എളുപ്പവഴി

single-img
24 August 2017

വസ്ത്രങ്ങളില്‍ അറിയാതെ നനവു തട്ടുന്നതും നന്നായി ഉണങ്ങാതിരിക്കുകയും ചെയ്യുന്നത് ഇളം നിറത്തിലുള്ള വസ്ത്രങ്ങളില്‍ പലപ്പോഴും കരിമ്പന്‍ വരാന്‍ ഇടയാക്കാറുണ്ട്. ഇത് വസ്ത്രത്തിന്റെ ഭംഗി കളയുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതോടെ വളരെ ഇഷ്ടപ്പെട്ടു വാങ്ങിയ വസ്ത്രങ്ങള്‍ വരെ പലരും ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ വീട്ടില്‍ നിന്നു തന്നെ ചില പൊടിക്കൈകള്‍ ഉപയോഗിച്ച് കരിമ്പന്‍ വളരെ എളുപ്പത്തില്‍ കളയാം.

വിനാഗിരി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ കരിമ്പനെ അകറ്റാം. കുറച്ച് വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്ത് വസ്ത്രം അരമണിക്കൂര്‍ അതില്‍ മുക്കിവെക്കുക. പിന്നീട് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കുക. നാരാങ്ങാനീരുകൊണ്ടും കരിമ്പന്‍ കളയാം. നാരങ്ങാ നീര് കരിമ്പനുള്ള ഭാഗത്ത് ഒഴിച്ച് ബ്രഷ് ഉപയോഗിച്ച് കഴുകി കളയാം.

വെള്ള വസ്ത്രത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. ഇത് കരിമ്പനു മുകളില്‍ പുരട്ടി 20മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുന്നതും കരിമ്പന്‍ ഇല്ലാതാക്കാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്.

ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത ഒരു ബക്കറ്റ് ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഡിറ്റര്‍ജന്റ് ചേര്‍ക്കാം. ഇതിലേക്ക് വസ്ത്രങ്ങള്‍ ഇട്ട് കുറച്ചുസമയത്തിനുശേഷം ബേക്കിങ് പൗഡര്‍ വിതറുക. പിന്നീട് പത്തുമിനിറ്റിനുശേഷം ശുദ്ധജലത്തില്‍ കഴുകാം. ഇതും കരിമ്പന്‍ ഇല്ലാതാക്കാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്.