ജയിലില്‍ ദിലീപിന് ആശ്വാസം പകരുന്നത് സങ്കീര്‍ത്തന പാരായണമോ?: വൈദികന്റെ പ്രസംഗം ചര്‍ച്ചയാവുന്നു

single-img
24 August 2017

കൊച്ചി: നടന്‍ ദിലീപിന് ജയിലില്‍ ആശ്വാസം പകരുന്നത് സങ്കീര്‍ത്തന പാരായണമെന്ന വൈദികന്റെ പ്രസംഗം ചര്‍ച്ചയാവുന്നു. മഞ്ഞുമ്മല്‍ കാര്‍മല്‍ റിട്രീറ്റ് കേന്ദ്രത്തിലെ വൈദികനായ ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലാണ് വിശ്വാസികളോടുള്ള പ്രസംഗത്തിനിടയില്‍ ദിലീപിന്റെ സങ്കീര്‍ത്തന പാരായണത്തെ കുറിച്ച് പറഞ്ഞത്.

ജയിലില്‍ കഴിയുന്ന പ്രമുഖ നടന്‍ ഇപ്പോള്‍ സങ്കീര്‍ത്തനം വായിക്കുകയാണ്. കൗണ്‍സിലിംഗിനായി ജയിലിലെത്തിയ കന്യാസ്ത്രീയോട് അദ്ദേഹം എല്ലാം തുറന്നു പറഞ്ഞു. അപരാധിയോ നിരപരാധിയോ ആകട്ടെ അയാളിപ്പോള്‍ സങ്കീര്‍ത്തനത്തില്‍ അഭയം തേടിയിരിക്കുകയാണ്. നിങ്ങളും അതുപോലെ ഏതു സാഹചര്യത്തിലും വചനത്തെ മുറുകെ പിടിക്കണം എന്നായിരുന്നു ഫാദര്‍ ആന്റണിയുടെ പ്രസംഗം.

എന്നാല്‍ ഫാദര്‍ ആന്റണി, ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു എന്ന തരത്തിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഇത് ശരിയല്ലെന്നും, സങ്കീര്‍ത്തനത്തിന്റെ ശക്തി വിശദീകരിക്കുന്നതിനിടെ ഉദാഹരണം എന്ന നിലയില്‍ ദിലീപിന്റെ പേര് പറയാതെ വിഷയം സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഫാദര്‍ ആന്റണി പുത്തന്‍പറമ്പില്‍ ഇ വാര്‍ത്തയോട് പ്രതികരിച്ചു.

ക്രിക്കറ്റ് തരാം ശ്രീശാന്ത്, ചലച്ചിത്രതാരം മോഹിനി എന്നിവര്‍ ബൈബിളില്‍ ആശ്വാസം കണ്ടെത്തിയ ഉദാഹരണങ്ങളും താന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. അതിനൊപ്പമാണ് ദിലീപ് ജയിലില്‍ ബൈബിള്‍ വായിക്കുന്നുവെന്ന വാര്‍ത്ത സൂചിപ്പിച്ചതെന്നും അല്ലാതെ ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഫാദര്‍ ആന്റണി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപ് അസുഖബാധിതനാണെന്നും മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായും നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കാവ്യ മാധവനെ ചോദ്യം ചെയ്ത വാര്‍ത്തയറിഞ്ഞ് അസ്വസ്ഥനായ ദിലീപിനെ ജയിലില്‍ കൗണ്‍സിലിംഗിന് വിധേയനാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഞായറാഴ്ച തോറും ജയിലില്‍ എത്തുന്ന കന്യാസ്ത്രീയോട് ദിലീപ് സംസാരിക്കുകയും ബൈബിള്‍ വായിക്കാന്‍ ആരംഭിച്ചതായും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വാര്‍ത്തകളാണ് സങ്കീര്‍ത്തനത്തിന്റെ ശക്തിക്ക് ദിലീപിനെ ഉദാഹരണമാക്കാന്‍ വൈദികന് പ്രേരകമായതെന്നാണ് കരുതുന്നത്.