കേന്ദ്രമന്ത്രിസഭ പുനസംഘടന ഉടന്‍: സുരേഷ് പ്രഭുവിനെ മാറ്റാന്‍ സാധ്യത

single-img
24 August 2017

ന്യൂഡല്‍ഹി: എന്‍ഡിഎ പാളയത്തില്‍ തിരിച്ചെത്തിയ ജെഡിയുവിനും ലയനത്തിലൂടെ ശക്തിപ്പെട്ട എഐഎഡിഎംകെയ്ക്കും പ്രാധാന്യം നല്‍കി കേന്ദ്രമന്ത്രിസഭാ പുനസംഘടന ഉടന്‍തന്നെ ഉണ്ടാവുമെന്ന് സൂചന. ഗോവ മുഖ്യമന്ത്രിയാവാനായി മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ മുതല്‍ മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നുവെങ്കിലും അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പുനസംഘടനയുണ്ടാവും എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന സൂചന.

നിരവധി ഒഴിവുകളാണ് നിലവില്‍ കേന്ദ്രമന്ത്രിസഭയിലുള്ളത്. പ്രതിരോധം, നഗരവികസനം, വാര്‍ത്താവിതരണം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളെല്ലാം ഇപ്പോള്‍ അധിക ചുമതലയായിട്ടാണ് മറ്റ് മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത്. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കാണ് ഇപ്പോള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതല.

ജിഎസ്ടി, അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളുള്ള സാഹചര്യത്തില്‍ പ്രതിരോധവും ധനകാര്യവും ഒരുമിച്ച് കൈകാര്യം ചെയ്യുന്നത് ജയ്റ്റ്‌ലിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. വെങ്കയ്യ നാഡിയു ഉപരാഷ്ട്രപതിയായതോടെ വാര്‍ത്താവിതരണ വകുപ്പ് സ്മൃതി ഇറാനിക്കും നഗര വികസനം നരേന്ദ്ര തോമറിനും കൈമാറി. അഞ്ച് വകുപ്പുകളാണ് തോമറിനുള്ളത്. പരിസ്ഥിതി മന്ത്രിയായ അനില്‍ മാധവ് ദവെയുടെ മരണത്തിന് ശേഷം വകുപ്പിന്റെ ചുമതല ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ദ്ധനാണ്.

പുനസംഘടനയിലൂടെ മന്ത്രിമാരുടെ ഈ അമിതഭാരം ആദ്യം പരിഹരിക്കേണ്ടതുണ്ട്. ഇതോടൊപ്പം മികച്ച പ്രകടനം കാഴ്ച്ച വച്ച സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാര്‍ക്ക് കാബിനറ്റ് റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കുകയും മോശം പ്രകടനം നടത്തിയ മന്ത്രിമാരെ മന്ത്രിപദവിയില്‍ നിന്ന് മാറ്റി പാര്‍ട്ടി ചുമതലകള്‍ ഏല്‍പിക്കുകയും ചെയ്‌തേക്കാം.

ഇതോടെ ജെഡിയുവിനെയും ഐക്യത്തിലെത്തിയ അണ്ണാ ഡിഎംകെ വിഭാഗത്തെയും പുനഃസംഘടനയില്‍ കാര്യമായിത്തന്നെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. കാബിനറ്റ് പദവിയുള്‍പ്പെടെ ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ എന്‍ഡിഎ സഹ കണ്‍വീനറാക്കുമെന്നും സൂചനയുണ്ട്.

എന്‍ഡിഎയില്‍ ജെഡിയു എത്തുന്നതോടെ, കേന്ദ്രസര്‍ക്കാരിന് വലിയ ആശ്വാസമാകുമുണ്ടാകുക. നിലവില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തത് മൂലം നിയമങ്ങള്‍ പാസാക്കാനും മറ്റും കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവായി കിട്ടുമെന്ന നേട്ടമുണ്ട്. രാജ്യസഭയില്‍ ഒമ്പത് അംഗങ്ങളാണ് ജെഡിയുവിനുള്ളത്.

അതേസമയം പുനസംഘടനയില്‍ സുരേഷ് പ്രഭുവിനെ റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് മാറ്റിയേക്കും എന്നാണ് വിവരം. ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ തീവണ്ടിയപകടങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പ്രധാനമന്ത്രിയെ രാജിസന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തോട് അല്‍പം കൂടി കാത്തിരിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ഇതോടെ അദ്ദേഹത്തെ മാറ്റുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.

സുരേഷ് പ്രഭുവിനെ വേറെ വകുപ്പിലേക്ക് മാറ്റാനാണ് സാധ്യതയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. രണ്ടരവര്‍ഷത്തോളം റെയില്‍വെ മന്ത്രിയായിരുന്ന പ്രഭു ഇക്കാലത്തിനിടയില്‍ ചരിത്രപരമായ ഒട്ടനവധി പരിഷ്‌കാരങ്ങള്‍ റെയില്‍വേയില്‍ കൊണ്ടു വന്നിരുന്നു. വാജ്‌പേയി സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിമാരിലൊരാളായി പ്രകീര്‍ത്തിക്കപ്പെട്ട സുരേഷ് പ്രഭുവിനെ നരേന്ദ്രമോദി പ്രത്യേക താത്പര്യമെടുത്താണ് ബിജെപിയിലെത്തിച്ചതും പിന്നീട് റെയില്‍വേമന്ത്രിയാക്കിയതും.

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക തുടങ്ങി ഇനി തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനഃസംഘടന. മന്ത്രിസഭാ പുനഃസംഘടനക്ക് ശേഷം ബിജെപിയില്‍ സംഘടനപരമായ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായ സാഹചര്യത്തില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡിലേക്ക് പുതിയൊരു അംഗത്തെ കൂടി ഉള്‍പ്പെടുത്തും.

24 കാബിനറ്റ് മന്ത്രിമാരടക്കം 79 മന്ത്രിമാരുമായാണ് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റത്. അതേവര്‍ഷം നവംബറിലും കഴിഞ്ഞ വര്‍ഷം ജൂലൈയിലും മന്ത്രി സഭയില്‍ അഴിച്ചുപണികള്‍ നടന്നിരുന്നു.