Travel

ഇത് അഗസ്ത്യാര്‍കൂടം; സഞ്ചാരികളുടെ മോഹിപ്പിക്കുന്ന സ്വര്‍ഗ്ഗം

Agasthyarkoodam

മകരം ഒന്നിന് ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയുന്നതോടെ വൃതശുദ്ധിയുടെ ശബരിമലയില്‍ ഒരു മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിനു കൂടി പരിസമാപ്തിയാകുകയാണ്. ഈശ്വരന്‍ കാനനങ്ങളിലും പര്‍വ്വതങ്ങളിലും വസിക്കുന്നുവെന്നുറച്ചു വിശ്വസിക്കുന്ന ഒരു ജനതയുടെ തീര്‍ത്ഥാടനം പക്ഷേ അവിടെ അവസാനിക്കുന്നില്ല. ശബരിരിമലയുടെ ജനനിബിഡതയില്‍ നിന്നും വിജനതയുടെയും സഹാസികതയുടെയും വന്യസൗന്ദര്യത്തിലേക്ക് ഊളിയിടുന്ന ഒരു തീര്‍ത്ഥാടനത്തിന് അതേ മകരളിവളക്ക് ദിവസം തുടക്കമാകുകയാണ്. കേരളത്തിലെ ഏറ്റവുംവിലയ രണ്ടാമത്തെ കൊടുമുടിയെന്ന് പേര് കേട്ട അഗസ്ത്യാര്‍കൂടത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന്.

പശ്ചിമഘടത്തിലെ വന്യമായ സൗന്ദര്യം കുടികൊള്ളുന്നിടമാണ് അഗസ്ത്യാര്‍കൂടം. നിബിഡവനങ്ങളും ജലസമൃദ്ധമായ കാട്ടരുവികളും ഒരുപക്ഷേ മറ്റെവിടെയും കാണാന്‍ കഴിയാത്ത തരത്തിലുള്ള വൈവിദ്ധ്യമേറിയ ഔഷധസസ്യങ്ങളുമൊശക്കയായി പ്രകൃതി കവിടെ തീര്‍ത്തിരിക്കുന്നത് ഒരു വിസ്മയ ഭൂപ്രകൃതിയാണ്. ഇവിടെ നിന്നും വനവാസകാലത്ത് ശ്രീരാമനും സംഘവും കഴിച്ചാല്‍ വിശപ്പുവരാത്ത ആരോഗ്യപ്പച്ചയെന്ന അഗസ്ത്യപ്പച്ചയുടെ ഇലകള്‍ കഴിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ഉയരത്തില്‍ അഹങ്കരിച്ചിരുന്ന വിന്ധ്യാപര്‍വ്വതത്തിന്റെ അഹന്ത ശമിപ്പിക്കാന്‍ വേണ്ടി സപ്തര്‍ഷികളിലൊരാളായ അഗസ്ത്യമുനി ദക്ഷിണദിക്കിലേക്ക് വന്ന് അഗസ്ത്യാര്‍കൂടത്തില്‍ താമസമാക്കിയെന്നും ഐതീഹ്യങ്ങള്‍ പറയുന്നു.

ഹിന്ദുമതവിശ്വാസം അനുസരിച്ച് ആദിദൈവമായ ഭഗവാന്‍ ശിവന്‍ ഭാര്യയായ പാര്‍വ്വതിക്ക് സിദ്ധവൈദ്യം ഉപദേശിച്ചുകൊടുത്തുവെന്നും പാര്‍വ്വതിയില്‍ നിന്നും മകനായ മുരുകന്‍ അത് സ്വായത്തമാക്കിയെന്നും മുരുകനില്‍ നിന്നും സിദ്ധവൈദ്യശാസ്ത്രം ഹൃദ്യസ്ഥമാക്കിയ നന്ദികേശന്‍ തന്റെ ശിഷ്യനായ അഗസ്ത്യ മുനിക്ക് അത് പകര്‍ന്നു നല്‍കിയെന്നുമാണ് വിശ്വാസം. ആയുര്‍വേദമെന്ന അഞ്ചാംവേദത്തില്‍ പരാമര്‍ശിക്കുന്നതും അഷ്ടാംഗഹൃദയം, ചരകം തുടങ്ങിയ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നതുമായ ഔഷധം, അഗസ്ത്യരസായനത്തിന് ആ പേര് വന്നത് അഗസ്ത്യമുനിയാല്‍ നിര്‍ദ്ദേശിക്കപ്പെടതായതുകൊണ്ടാണെന്നും വിശ്വസിക്കപ്പെടുന്നു. തമിഴ്‌നാട്ടിലെ പ്രധാന ചികിത്സാരീതിയായ സിദ്ധവൈദ്യം പ്രചരിപ്പിച്ചത് അഗസ്ത്യമുനിയാണെന്നാണ് പറയപ്പെടുന്നത്.

agsthya2

സമുദ്രനിരപ്പില്‍ നിന്നും 6879 അടി മുകളില്‍ സ്ഥിചെയ്യുന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിന് വനംവകുപ്പില്‍നിന്നും നേരത്തെ പാസുവാങ്ങണം. മകരവളിക്ക് ദിവസം മുതല്‍ ശിവരാത്രി ദിവസം വരെയാണ് തീര്‍ത്ഥാടനം അനുവദിച്ചിട്ടുള്ളത്. മാത്രമല്ല ഒരുദിവസം നൂറുപേര്‍ക്ക് മാത്രം അനുവദിച്ചിരിക്കുന്ന ഈ യാത്രയില്‍ പ്ലാസ്റ്റിക്, ലഹരിസാധനങ്ങള്‍ എന്നിവ വനംവകുപ്പ് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. തീര്‍ത്ഥാടകരായി എത്തുന്നവരുടെ ബാഗുകള്‍ പരിശോധിച്ചു ശേഷം മാത്രമേ തീര്‍ത്ഥാടനം അനുവദിക്കുകയുമുള്ളു.

രാവിലെ എട്ടുമണിയോടെ ബോണക്കാട്ട് നിന്നുമാണ് പര്‍വ്വതയാത്ര ആരംഭിക്കുന്നത്. അവിടെ നിന്നും ഉച്ചയോടെ അതിരുമലയെത്തണമെന്നുള്ളതാണ് പ്രാഥമിക ലക്ഷ്യം. ബോണക്കാടിനും അതിരുമലയ്ക്കും ഇടയ്ക്ക് നാലു ക്യാമ്പുകളാണ് സഞ്ചാരികള്‍ക്കുവേണ്ടിയുള്ളത്. ലാത്തിമൊട്ട, കരമനയാര്‍, വാഴപ്പത്തിയാര്‍, അട്ടയാര്‍ എന്നിവയാണവ. രാവിലെയായതിനാല്‍ തന്നെ സുഖമേറിയ ഒരുയാത്രയാണ് അതിരുമലവരെയുള്ളത്. വഴിയരികില്‍ കാനനഭംഗി അതിന്റെ മമനോഹാരിത വിടര്‍ത്തിനില്‍ക്കുന്നുണ്ടാകും. ഒടുവില്‍ അതിരുമലയെത്തുന്നതിനു മുമ്പേ വാഴപ്പത്തിയാറിലെ വെള്ളച്ചാട്ടത്തിലെ തണുത്ത വെള്ളത്തില്‍ ക്ഷീണമകറ്റാന്‍ ഒരു കുളിയും. ഉച്ചയോടെ അതിരുമലയെത്തും. ബോണക്കാട്ടുനിന്നും ലക്ഷ്യത്തിലേക്കുള്ള 24 കിലോമീറ്റര്‍ യാത്രയില്‍ ആ സമയം നമ്മള്‍ 18 കിലോമീറ്റര്‍ സഞ്ചരിച്ചിരിക്കും.

Athirumala

അന്നത്തെ ദിവസം പിന്നെ യാത്രയില്ല. അതിരുമലയിലാണ് അന്നത്തെ ഇടത്താവളം. 18 കിലോമീറ്റര്‍ യാത്രകഴിഞ്ഞു ഇടത്താവളത്തിലേക്ക് വരുന്‌നവരെ കാത്തിരിക്കുന്നത് രുചികരമായ ഊണാണ്. ഭക്ഷണം കഴിഞ്ഞ് കാഴ്ചകള്‍ കാണാം. പിന്നീട് സംസാരവും കാര്യങ്ങളുമായി ഇരുട്ടിനെ പ്രതീക്ഷിച്ച് ആ വനത്തിനുള്ളില്‍ ഇരിക്കാം. രാത്രി ഡോര്‍മെറ്ററിയില്‍ നിന്നും കിട്ടുന്ന നാടന്‍ ഭക്ഷണമായ കഞ്ഞിയും പയറും കഴിച്ചുകൊണ്ട് ഉറക്കത്തെ പുല്‍കാം. അതിരാവിലെ രണ്ടാംദിവസത്തെ യാത്ര തുടരേണ്ടതുണ്ട്.

പിറ്റേന്നത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ അതിരാവിലെ തന്നെ തുടങ്ങണം. ഡോര്‍മെറ്ററിയോട് സ്ഥിതിചെയ്യുന്ന കുളിമുറിയില്‍ നിന്നും മഞ്ഞിനു തുല്യം നില്‍ക്കുന്ന ജലത്തില്‍ കുളിയും കഴിഞ്ഞ് കാന്റീനില്‍ നിന്നും കിട്ടുന്ന പ്രഭാതഭക്ഷണത്തിന്റെ പൊതിയുമായാണ് അഗസ്ഥ്യമുനി തപസ്സുചെയ്തിടത്തേക്ക് പിന്നെയുള്ള യാത്ര. യഥാര്‍ത്ഥയാത്രതുടങ്ങുന്നത് അവിടെ നിന്നുമാണ്.

Ponkalappara

അടുത്തലക്ഷ്യം പൊങ്കലപ്പാറയാണ്. വളരെ ദുര്‍ഘടം പിടച്ച വഴികളും കല്ലുകളും കടന്ന് പൊങ്കാലപ്പാറയെത്തുമ്പോള്‍ ആരായാലും ഒരുദീര്‍ഘനിശ്വാസം ഉതിര്‍ത്തുപോകും. പക്ഷേ യാത്രയുടെ ഏറ്റവും അപകടംപിടിച്ചതും ഹരംപിടിപ്പിക്കുന്നതുമായ ഭാഗം ആരംഭിക്കുന്നത് പൊങ്കാലപ്പാറയില്‍ നിന്നുമാണ്. ഒരുഭാഗത്ത് ഭീമാകാരമായ പര്‍വ്വതവും മറുഭാഗത്ത് അഗാധമായ ഗര്‍ത്തവും- അതിനിടയിലുള്ള വഴിയിലൂടെ ഗര്‍ത്തത്തിന്റെ അഗാധതയേയും കണ്ട് ഒരു യാത്ര. ഈ ഏഴുമടക്കന്‍ മലകയറിയെത്തിയാല്‍ പിന്നെ കാത്തിരിക്കുന്നത് മുച്ചാണിമലയെന്ന ചെരിവുമലയാണ്. 80 ഡിഗ്രിവരെ ചരിഞ്ഞു നില്‍ക്കുന്ന ആ മലമ്പാതയില്‍ പിടിച്ചുകയറാന്‍ വടം കെട്ടിയിട്ടിണ്ട്.

agasthyakoodam-3

ആ മലയും കയറിക്കഴിയുമ്പോള്‍ കാത്തിരിക്കുന്നത് ലക്ഷ്യസ്ഥാനമാണ്. അഗസ്ത്യമുനിയുടെ വാസയിടവും പ്രതിഷ്ഠയുമാണുള്ളത്. പൂര്‍ണ്ണകായാകൃതിയിലുള്ള പ്രതിമയില്‍ വിളക്ക് കത്തിച്ച് പൂജനടത്താം. ഇതുവരെയുള്ള യാത്രയുടെ ഏറ്റവും സുന്ദരമായ ഭാഗമാണ് ‘കൂട’ത്തില്‍ നിന്നുള്ള കാഴ്ച. നിമിഷനേരംകൊണ്ട് വന്നണഞ്ഞ് പരസ്പരം കാണാനാകാത്ത രീതിയിലാക്കിയശേഷം മാഞ്ഞുപോകുന്ന മൂടല്‍മഞ്ഞും അനന്തവിഹായസ്സിന്റെ നേര്‍ക്കാഴ്ചയും തരുന്നത് ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങള്‍ തന്നെയാണ്. ദൂരെ കാണുന്ന പേപ്പാറ ഡാമും നമുക്ക് ഒരത്ഭുതമായി തന്നെ അപ്പോള്‍ തോന്നും.

agasthya

അഗസ്ത്യമലയുടെ തൊട്ടടുത്ത് തന്നെയാണ് സപ്തര്‍ഷി മല. സ്പതര്‍ഷിമലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എപ്പോഴും തണുത്ത് കാറ്റ് വീശിക്കൊണ്ടിരിക്കുന്നിടമാണ് അവിടം. അവിടെ വിളക്കുവെയ്ക്കാന്‍ ഒരു തിരി കത്തിക്കുന്നതുതന്നെ ഭാഗമായി കരുതുന്നവരാണ് അവിടെയെത്തുന്ന സഞ്ചാരികളും. കാരണം കാറ്റ് അതിന് സമ്മതിക്കാറില്ല എന്നുള്ളതുതന്നെ.

കണ്ണിനുമിഴിവേകുന്ന ദൃശ്യങ്ങള്‍ അഗസ്ത്യമലയില്‍ നമ്മെ പിടിച്ചിരുത്തുമെങ്കിലും കുറച്ചുസമയത്തിനുശേഷം മലയറിങ്ങുന്നതാണ് ബുദ്ധി. നേരം ഇരുട്ടുവീഴുന്നതിന് മുമ്പ്് ബോണക്കാട് എത്തണമെങ്കില്‍ ഉച്ചയോടെ അതലിരുമലയിലെത്തണം. തിരിച്ചിറങ്ങുന്നവര്‍ കയ്യില്‍ ഒരു വടികൂടി കരുതും. കയറ്റത്തേക്കാള്‍ എളുപ്പമാണ് ഇറക്കമെങ്കിലും ഒരോ ചുവടും സൂക്ഷിച്ചുമാത്രമേ വയ്ക്കാന്‍ പാടുള്ളു. അങ്ങനെ മാത്രമേ നമ്മള്‍ ചെയ്യൂ. കാരണം തിരിച്ചിറങ്ങുമ്പോഴുള്ള ആ അഗാധമായ ഗര്‍ത്തം നമ്മുടെ കണ്ണിനു മുന്നില്‍ നില്‍ക്കുകയല്ലേ.

അതിരുമലയെത്തിക്കഴിഞ്ഞാല്‍ ഉച്ചയ്ക്കുള്ള ഊണ്കഴിച്ച് വീണ്ടും മലയറിങ്ങാം. ബോണക്കാട്ടേക്ക്, അടുത്തമകരവിളക്കിന്റെ തീയതിയും മനസ്സിലോര്‍ത്തുകൊണ്ട്. ഒരിക്കല്‍പോയവരോട് ഒരിക്കല്‍കൂടി അഗസ്ത്യആര്‍കൂടത്തിലേക്കുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലാ എന്നുള്ള മറുപടി എന്തായാലും കേള്‍ക്കില്ല. കാരണം പ്രകൃതിയും മനുഷ്യനും തമ്മില്‍ ഒന്നിക്കാന്‍ കഴിയുന്ന ചുരുക്കം ചില മുഹൂര്‍ത്തങ്ങളിലൊന്നാണ് ഈ യാത്ര. നാഗരികത കടന്നുവരാത്ത ഇതുപോലുള്ള ഇടങ്ങള്‍ ഇങ്ങനെതന്നെ നിലനിര്‍ത്തിയില്ലെങ്കില്‍ ഒരുപക്ഷേ നമുക്ക് നഷ്ടപ്പെടുന്നത് ദൈവത്തിന്റെ സ്വന്തമിടത്തിന്റെ സ്വത്വം തന്നെയാകും.