ആരോഗ്യമന്ത്രി ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

single-img
23 August 2017


തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ചോദ്യോത്തരവേള നടക്കുന്നതിനിടെ നടുത്തളത്തില്‍ ബാനറുമായി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതിനുശേഷമായിരുന്നു ബഹിഷ്‌കരണം.

മന്ത്രിക്കെതിരെ ഹൈക്കോടതിയില്‍ വിമര്‍ശനം തുടരുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മന്ത്രി അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല പറഞ്ഞു. സര്‍ക്കാരിന് ഫ്യൂഡല്‍ നിലപാടാണെന്നും ചെന്നിത്തല ആരോപിച്ചു. ഇതിനിടെ കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് കെ.എം. മാണി നോട്ടീസ് നല്‍കി.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ രാജി ആവശ്യവുമായി രംഗത്ത് വരുന്നത്. ഇന്ന് നടന്ന ചോദ്യോത്തര വേളയുമായും പ്രതിപക്ഷം സഹകരിച്ചില്ല. നാളെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയാണ്.

ഇത് പ്രതിഷേധത്തിന്റെ പ്രസക്തി ചോര്‍ത്തുമോ എന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ട്. അതിനാല്‍ പ്രതിഷേധ പരിപാടികള്‍ സഭയ്ക്ക് പുറത്തേക്കെത്തിച്ച് കത്തിച്ച് നിര്‍ത്താനാണ് പ്രതിപക്ഷ നീക്കം. അതേസമയം നിയമസഭക്ക് പുറത്ത് പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹം മൂന്നാം ദിവസത്തേക്ക് കടന്നു .

രാവിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു. നിയമസഭയിലേക്ക് വരാനായി വീട്ടില്‍ നിന്നിറങ്ങിയപ്പോഴാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മന്ത്രിയുടെ കാറിന് മുന്നിലെത്തിയത്. മാസ്‌കോട്ട് ഹോട്ടലിന് മുന്നിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.