ആരോഗ്യമന്ത്രി രാജിവച്ചേക്കും?: ശൈലജയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

single-img
23 August 2017

കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന മന്ത്രി കെ.കെ.ശൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. മന്ത്രിക്കെതിരായ പരാമര്‍ശം നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയതോടെ വന്‍തിരിച്ചടിയാണ് കെ കെ ശൈലജക്ക് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

മന്ത്രിക്കെതിരായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാള്‍ എങ്ങനെ ബാലാവകാശകമ്മീഷനില്‍ അംഗമായെന്ന് പറയുവാന്‍ മന്ത്രി ബാധ്യസ്ഥയാണെന്ന് ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി നിരീക്ഷിച്ചു. ഉത്തരവാദിത്വത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.

അതേസമയം ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ.ശൈലജയുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭ അധികാരത്തിലെത്തി ഒരുവര്‍ഷം പിന്നിടുമ്പോഴും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന തലത്തിലേക്ക് എത്തിയെന്നും പാര്‍ട്ടിക്കുള്ളിലെ വിമര്‍ശകര്‍ ആരോപിക്കുന്നു. ചുരുങ്ങിയപക്ഷം, കെ.കെ.ശൈലജയില്‍നിന്ന് ആരോഗ്യവകുപ്പ് എടുത്തുമാറ്റി സര്‍ക്കാരിന്റെ മുഖം മിനുക്കണമെന്നാണു പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം. എന്നാല്‍ രാജി വെക്കണമെന്നും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടെന്നാണ് വാര്‍ത്തകള്‍.