ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം

single-img
23 August 2017

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. സഭ ചേര്‍ന്നയുടന്‍, ആരോഗ്യ മന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്‌ളക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയായിരുന്നു.

അംഗങ്ങളോട് ശാന്തരാവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും അവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ചോദ്യോത്തരവേള തുടരുന്നതിനിടയില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ബാനറുമായി കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. സ്വജനപക്ഷപാതം നടത്തിയ മന്ത്രി ശൈലജ രാജിവയ്ക്കുക എന്നെഴുതിയ ബാനറുകളുമായാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നേരത്തെ, നിയമസഭയിലേക്ക് വന്ന മന്ത്രിയെ മാസ്‌കറ്റ് ഹോട്ടലിന് മുമ്പില്‍ വച്ച് കെ.എസ്.യു പ്രവത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

അതേസമയം, പാര്‍ട്ടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ വിമര്‍ശനമുണ്ടെന്നാണ് അറിയുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ.സുധീര്‍ ബാബുവിനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയേക്കും. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലും ബാലാവകാശ കമ്മിഷന്‍ നിയമനത്തിലും പ്രതിരോധത്തിലായ മന്ത്രിയെ രക്ഷിക്കാന്‍ തല്‍ക്കാലം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാമെന്നാണു സിപിഎം ഉന്നതരുടെ തീരുമാനം.

ആരോഗ്യ സെക്രട്ടറിയും സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥരും അയക്കുന്ന ഫയലുകള്‍ കൃത്യമായി പരിശോധിച്ചു സര്‍ക്കാര്‍ താല്‍പര്യത്തിന് അനുസൃതമായി മാറ്റം വരുത്തുന്നതിലും മന്ത്രിയെ കാര്യങ്ങള്‍ അത്തരത്തില്‍ ബോധ്യപ്പെടുത്തുന്നതിലും പ്രൈവറ്റ് സെക്രട്ടറി വീഴ്ച വരുത്തിയെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.