200 രൂപാ നോട്ടുകള്‍ സെപ്തംബറില്‍ എത്തും

single-img
23 August 2017

മുംബൈ: 200 രൂപാ നോട്ടുകള്‍ സെപ്തംബറില്‍ എത്തും. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് 200 രൂപാ നോട്ടുകള്‍ പുറത്തിറക്കുന്നത്. അതിനൂതന സുരക്ഷാസംവിധാനങ്ങളുമായി അച്ചടിക്കുന്ന നോട്ടുകളുടെ അച്ചടി അതീവ രഹസ്യമായി ദ്രുതഗതിയില്‍ നടന്നുവരികയാണ്. 50 കോടി നോട്ടുകളായിരിക്കും റിസര്‍വ് ബാങ്ക് ഇറക്കുക.

റിസര്‍വ് ബാങ്കിന്റെ ഉടമസ്ഥതയിലുളള ബംഗാളിലെയും മൈസൂരിലേയും അച്ചടി പ്രസ്സുകളിലാണ് നോട്ടിന്റെ അച്ചടി നടക്കുന്നത്. കള്ളനോട്ടുകളുടെ അച്ചടി തടയാന്‍ ഏറ്റവും ആധുനികമായ സുരക്ഷ സവിശേഷതകളോടെയാവും 200 രൂപ നോട്ടുകള്‍ പുറത്തിറങ്ങുക. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് മുമ്പുള്ള അവസ്ഥയിലേക്ക് നോട്ടുകളുടെ വിതരണത്തെ എത്തിക്കുന്നതിന്റെ ഭാഗമായാണ് 200 രൂപ നോട്ടുകള്‍ ആര്‍ബിഐ വിപണിയില്‍ എത്തിക്കുന്നത്.

200 രൂപ നോട്ടുകള്‍ വ്യാപകമാവുന്നതോടെ എടിഎമ്മില്‍ നിന്ന് കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്നാണ് കരുതുന്നത്. അതേസമയം 50, 100 രൂപ നോട്ടുകളുടെ തുടര്‍ച്ചയായി 200 രൂപ കൂടി വരുമ്പോള്‍ അത് സാധാരണക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്നാണ് ആര്‍.ബി.ഐയുടെ പ്രതീക്ഷ.