പള്‍സര്‍ സുനി മലക്കംമറിഞ്ഞു: ‘നടി ആക്രമിക്കപ്പെട്ട കേസില്‍ ‘മാഡ’ത്തിനു പങ്കില്ല’

single-img
22 August 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ ‘മാഡ’ത്തിനു പങ്കില്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. നേരത്തേ, നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു മാഡം ഉണ്ടെന്നും അവര്‍ സിനിമാ നടിയാണെന്നും പള്‍സര്‍ സുനി ആവര്‍ത്തിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആരാണ് മാഡം എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ചൂടുപിടിച്ച വേളയിലാണ് അങ്ങനെയൊരാള്‍ ഇല്ലെന്ന് സുനി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. മറ്റൊരു കേസില്‍ കുന്നംകുളത്തെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണു സുനി മുന്‍നിലപാടുകളില്‍ നിന്ന് മലക്കംമറിഞ്ഞത്.

അതേസമയം സുനില്‍കുമാറിനെ അറിയില്ലെന്ന കാവ്യാമാധവന്റെ മൊഴി പച്ചക്കള്ളമാണെന്ന് സുനിലിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായി. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്ന് സുനില്‍കുമാര്‍ തന്നെ വെളിപ്പെടുത്തി. കാവ്യാമധവനുമായി അടുത്ത പരിചയമുണ്ട്. പലപ്പോഴായി കാവ്യ തനിക്ക് പണം തന്നിട്ടുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.

നേരത്തെ സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്നും പള്‍സര്‍ സുനി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. ഈ മാസം 16നുള്ളില്‍ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നായിരുന്നു സുനിയുടെ മുന്നറിയിപ്പ്.

ഇതിനു പിന്നാലെയാണ് സിനിമാ നടിയാണ് ‘മാഡ’മെന്ന് സുനി വ്യക്തമാക്കിയത്. ഇതിന് ശേഷം കോടതി അനുമതിയോടെ സുനി വിയ്യൂര്‍ ജയിലേയ്ക്ക് മാറി. ജയില്‍ ജീവനക്കാരും കളമശേരി ജയിലിലെ തടവുകാരും തന്നെ മര്‍ദ്ദിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സുനി ജയില്‍ മാറ്റത്തിന് അങ്കമാലി കോടതിയുടെ സമ്മതം വാങ്ങിയത്.