മുത്തലാഖിന് വിലക്ക്: മു​ത്ത​ലാ​ഖ്​ ഭരണഘടനാ വിരുദ്ധമെന്ന്​ സു​പ്രീം​കോ​ട​തി

single-img
22 August 2017

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. ഡിവിഷന്‍ ബെഞ്ച് അംഗങ്ങളിലെ ഭിന്നതയ്ക്കിടെയാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് കോടതി വ്യക്തമാക്കിയത്. സുപ്രീംകോടതി വിധിയോടെ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദമാണ് കോടതിയില്‍ അംഗീകരിക്കപ്പെട്ടത്.

ഇതുസംബന്ധിച്ച മുസ്ലീം സംഘടനകളുടെ വാദം കോടതി തള്ളുകയായിരുന്നു. അതേസമയം അഞ്ച് അംഗങ്ങളില്‍ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ ഉള്‍പ്പടെ രണ്ട് അംഗങ്ങള്‍ മുത്തലാഖിനെ അനുകൂലിച്ചു. എന്നാല്‍ മൂന്ന് അംഗങ്ങള്‍ മുത്തലാഖ് എടുത്തുകളയണമെന്ന നിലപാടാണ് സ്വീകരിച്ചത്.

എല്ലാവരുടെയും സമവായം തേടിയ ശേഷം ആറുമാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ മുസ്ലിം വിവാഹത്തിന് പുതിയ നിയമം കൊണ്ടു വരണമെന്നും അതുവരെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. എല്ലാ തലാഖും നിരോധിക്കണമെന്നും അങ്ങനെ ചെയ്താല്‍ കേന്ദ്രം വേറെ നിയമം കൊണ്ടുവരാമെന്നും കേന്ദ്രം വാദിച്ചിരുന്നു.

ഇക്കഴിഞ്ഞ മേയ് 18ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേസ് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നീ സംഘടനകളാണ് മുത്തലാഖിന് അനുകൂലമായി കക്ഷി ചേര്‍ന്നത്.

മുസ്ലിം വിമണ്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി, ഖുറാന്‍ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകളാണ് മുത്തലാഖിനെതിരെ ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാരാണ് കേസിലെ മറ്റൊരു കക്ഷി. മുത്തലാഖ് ഭരണാഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സമുദായത്തിലെ തന്നെ സ്ത്രീകള്‍ നല്‍കിയ പരാതിയും ഖുറാന്‍ സുന്നത്ത് സൊസൈറ്റി, ഷയാറ ബാനോ, അഫ്രീന്‍ റഹ്മാന്‍, ഗുല്‍ഷണ്‍ പ്രവീണ്‍, ഇസ്രത്ത് ജഹാന്‍, അതിയ സബ്രി എന്നിവര്‍ നല്‍കിയ പരാതികളിലും കോടതി വിശദമായ വാദം കേട്ടിരുന്നു.